'ഉറക്കമില്ല, ഇപ്പോൾ സിനിമ കാണാൻ പോലും എനിക്ക് കഴിയുന്നില്ല'; രോഗാവസ്ഥ വെളിപ്പെടുത്തി നടൻ അജിത്

Thursday 02 October 2025 12:44 PM IST

മലയാളികൾ ഉൾപ്പെടെ കോടിക്കണക്കിന് ആരാധകരുള്ള താരമാണ് അജിത് കുമാർ. ഇപ്പോഴിതാ തന്നെ അലട്ടുന്ന അസുഖത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ. തനിക്ക് ഇൻസോംനിയ ഉണ്ടെന്നും നാല് മണിക്കൂറിൽ കൂടുതൽ ഒരു ദിവസം ഉറങ്ങാൻ കഴിയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

'എനിക്ക് ഉറങ്ങാൻ ബുദ്ധിമുട്ടുണ്ട്. നാല് മണിക്കൂറിൽ കൂടുതൽ നന്നായി ഉറങ്ങാൻ കഴിയില്ല. വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ പോലും എനിക്ക് കുറച്ചേ വിശ്രമിക്കാൻ കഴിയൂ. ഉറക്കക്കുറവ് കാരണം സിനിമകളോ വെബ് സീരീസുകളോ കാണാൻ കഴിയാറില്ല. സ്വപ്‌നങ്ങൾക്ക് പിന്നാലെ പായുമ്പോൾ പലപ്പോഴും കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ കഴിയാറില്ല. ഭാര്യ ശാലിനിയുടെ പിന്തുണയാണ് ജീവിതത്തിലെ പ്രധാന ബലം ' - അജിത് കുമാർ പറഞ്ഞു.

ഉറക്കക്കുറവ് അദ്ദേഹത്തിന്റെ ദൈനംദിന ജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ശരീരം വളരെയധികം ക്ഷീണിക്കാൻ ഇത് കാരണമായി. സിനിമ കഴിഞ്ഞാൽ മറ്റൊന്നിനും സമയം കിട്ടാതെയായി. വിശ്രമത്തിന് മുൻഗണന നൽകാൻ നിർബന്ധിതനായി.

'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിലാണ് അജിത് അവസാനമായി അഭിനയിച്ചത്. ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്‌ത 'എകെ 64' എന്ന പുതിയ ചിത്രത്തിലും അജിത് പ്രധാനവേഷത്തിലെത്തുന്നുണ്ട്.