'അവർ വീണ്ടും ഒന്നിച്ചാൽ എന്താകുമെന്ന് അറിയാല്ലൊ, ബ്ലാസ്റ്റ്', 'പേട്രിയറ്റ്' ടീസർ പുറത്ത്
മലയാള സിനിമയിലെ മഹാരഥന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പേട്രിയറ്റിന്റെ ടീസർ പുറത്തിറങ്ങി. സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണിത്. സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ആയിരിക്കുമെന്ന സൂചനയാണ് ടീസറിൽ നൽകുന്നത്.17 വർഷത്തിനു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പേട്രിയറ്റിനുണ്ട്.
മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഒന്നേകാൽ മിനിട്ടോളം ദൈർഘ്യമുള്ള ടീസറിന്റെ തുടക്കം ഫഹദ് ഫാസിലിന്റെ കഥാപാത്രത്തിന്റെ വാക്കുകളോടെയാണ് ആരംഭിക്കുന്നത്.
ഡോ. ഡാനിയേൽ ജെയിംസും (മമ്മൂട്ടി) കേണൽ റഹീം നായിക്കും (മോഹൻലാൽ) ഒരു അനധികൃത ഓപ്പറേഷൻ തടയാൻ ശ്രമിക്കുന്നതാണ് ടീസറിലെ പ്രധാന രംഗങ്ങൾ. ചിത്രത്തിൽ ഇവർ രണ്ടുപേരെ കൂടാതെ നിർണ്ണായകമായ മറ്റൊരു കഥാപാത്രം കൂടിയുണ്ട് എന്നതിന്റെ സൂചനയും നൽകുന്നുണ്ട്.
'പെരിസ്കോപ്പ്' എന്ന് പേരുള്ള പ്രോജക്റ്റിനെക്കുറിച്ച് കുഞ്ചാക്കോ ബോബൻ ആശങ്കയോടെ സംസാരിക്കുന്നതും ടീസറിൽ കാണാം. കൂടാതെ വിദ്യാർത്ഥികൾക്കായുള്ള ലാപ്ടോപ്പ് സ്കീമിന്റെ ഭാഗമായ ഒരു ആപ്ലിക്കേഷനെക്കുറിച്ച് നയൻതാരയുടെ കഥാപാത്രവും വിവരിക്കുന്നു. ദർശന രാജേന്ദ്രൻ, രേവതി എന്നിവരുടെ കഥാപാത്രങ്ങളിലേക്കും ടീസർ വെളിച്ചം വീശുന്നു. പ്രമുഖ രാഷ്ട്രീയ നേതാവിന്റെ റോളിലാണ് രേവതി എത്തുന്നത്.