പാക് അധിനിവേശ കാശ്മീരിൽ സംഘർഷം; സുരക്ഷാ സേനയുടെ വെടിവയ്‌പിൽ പന്ത്രണ്ട് പേർ കൊല്ലപ്പെട്ടു

Thursday 02 October 2025 1:42 PM IST

മുസാഫറാബാദ്: പാക് അധിനിവേശ കാശ്മീരിൽ (പിഒകെ) പ്രതിഷേധക്കാർക്ക് നേരെ പാകിസ്ഥാൻ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ 12 പേർ കൊല്ലപ്പെട്ടു. 38 പ്രധാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് പ്രതിഷേധം നടക്കുന്നത്. സമീപ വർഷങ്ങളിലെ ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നാണിത്.

കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിഷേധം തുടരുകയാണ്. ദാദ്യാലിൽ പ്രതിഷേധക്കാർ സൈന്യവുമായി ഏറ്റുമുട്ടി. ഇത്‌ പ്രതിരോധിക്കാൻ സർക്കാർ ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചിട്ടുണ്ട്. മുസാഫറാബാദിന് പുറമെ, റാവലകോട്ട്, നീലം വാലി, കോട്ലി എന്നിവിടങ്ങളിലേക്കും അക്രമം വ്യാപിച്ചിട്ടുണ്ട്. മുസാഫറാബാദിൽ അഞ്ച് പ്രതിഷേധക്കാരും, ധീർകോട്ടിൽ അഞ്ച് പേരും, ദാദ്യാലിൽ രണ്ട് പേരും വെടിയേറ്റ് മരിച്ചെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് പൊലീസുകാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇരുന്നൂറിലധികം പേർക്ക് പരിക്കേറ്റു. പലരുടെയും ആരോഗ്യനില ഗുരുതരമാണ്.

ജമ്മു കാശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (എഎസി) നേതൃത്വം നൽകുന്ന പ്രതിഷേധങ്ങൾ മൂലം പ്രദേശത്ത് ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. സെപ്തംബർ ഇരുപത്തിയൊൻപത് മുതൽ ഇവിടത്തെ കടകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. മൊബൈൽ, ഇന്റർനെറ്റ്, ലാൻഡ്‌ലൈൻ സേവനങ്ങളും പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്.

സർക്കാരിന്റെ സുരക്ഷാ നടപടികൾക്കിടയിലും നഗരങ്ങളിൽ പ്രതിഷേധക്കാർ മാർച്ച് നടത്തി. 'ഭരണാധികാരികളേ, സൂക്ഷിക്കുക, കാശ്മീർ നമ്മുടേതാണ്, അതിന്റെ വിധി ഞങ്ങൾ തീരുമാനിക്കും' തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടാണ് മാർച്ച് നടത്തുന്നത്.

സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കെ, പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിനായി ചർച്ചാ സമിതി രൂപീകരിക്കാൻ സർക്കാർ തയ്യാറാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. യുഎസ് സന്ദർശനത്തിനുശേഷം, ലണ്ടനിൽ അവധിക്കാലം ആഘോഷിക്കുകയാണ് ഷെഹ്ബാസ് ഷെരീഫ്.