ഇന്ത്യയിലേയ്ക്ക് ഒഴുകിയെത്തുന്ന വിദേശ സ്ത്രീകൾ, ലക്ഷ്യം പുരുഷന്മാർ; പ്രഗ്നൻസി ടൂറിസം വ്യാപകം?
'പ്രഗ്നൻസി ടൂറിസം' എന്ന് കേൾക്കുമ്പോൾ പലരും കരുതുന്നത് ഗർഭിണിയായ യുവതി മറ്റ് രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നു എന്നതാണ്. ജനനത്തിലൂടെ കുഞ്ഞിന് പൗരത്വം ലഭിക്കുന്നതിനായി ഗർഭാവസ്ഥയിൽ അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേയ്ക്ക് ചേക്കേറുന്നത് ഒരു ട്രെൻഡായി മാറിയിരുന്നു. പാസ്‌പോർട്ട് ലഭിക്കാനും കൂടുതൽ മികച്ച ജീവിതസാചര്യങ്ങൾ ലക്ഷ്യമിട്ടുമാണ് ദമ്പതികൾ ഇത്തരത്തിൽ യാത്ര ചെയ്യാറുണ്ട്. എന്നാൽ ലഡാക്കിലെ ആര്യൻ വാലിയിൽ പ്രഗ്നൻസി ടൂറിസത്തിന് മറ്റ് അർത്ഥതലങ്ങളുണ്ട്. പുരാണങ്ങൾ, നാടോടിക്കഥകൾ, വംശവിശുദ്ധി തുടങ്ങിയവയുമായാണ് ഈ പദങ്ങൾ ബന്ധപ്പെട്ടിരിക്കുന്നത്.
ഡാ, ഹനു, ഡാർച്ചിക്, ബിയാമ, ഗാർക്കോൺ തുടങ്ങിയ ഹിമാലയൻ ഗ്രാമങ്ങളിൽ വസിക്കുന്ന ബ്രോക്പ സമൂഹം ആര്യന്മാരുടെ നേരിട്ടുള്ള പിൻഗാമികളാണെന്നാണ് കരുതപ്പെടുന്നത്. മറ്റ് ലഡാക്കി സമൂഹങ്ങളിൽ നിന്ന് വ്യത്യസ്തമായി, ബ്രോക്പകൾക്ക് വ്യത്യസ്തമായ സവിശേഷതകളുണ്ട്. ഉയരമുള്ള ശരീരഘടന, വെളുത്ത ചർമ്മം, ഇളം നിറമുള്ള കണ്ണുകൾ എന്നിവ അവരെ വേറിട്ടു നിർത്തുന്നു. ഇവർ "അവസാനത്തെ ശുദ്ധ ആര്യന്മാർ" എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. അലക്സാണ്ടർ ചക്രവർത്തിയോടൊപ്പം പ്രദേശത്തെത്തിയ സൈനികരുടെ പിൻഗാമികളാണ് ബ്രോക്പകൾ എന്നാണ് പറയപ്പെടുന്നത്.
ബ്രോക്പ സമൂഹത്തിലെ പുരുഷന്മാരിൽ നിന്ന് ഗർഭം ധരിക്കുന്നതിനായി ജർമ്മനിയിൽ നിന്നും യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുമടക്കം വിദേശ സ്ത്രീകൾ ബ്രോക്പ ഗ്രാമങ്ങളിലേക്ക് യാത്ര വരാറുണ്ടെന്നാണ് റിപ്പോർട്ടുകൾ. കുഞ്ഞിന് വിലപ്പെട്ട "ശുദ്ധമായ ആര്യൻ" ജനിതകശാസ്ത്രം പാരമ്പര്യമായി ലഭിക്കുന്നത് ലക്ഷ്യമിട്ടാണിത്. തദ്ദേശീയരായ പുരുഷന്മാർ ഗർഭധാരണം വാണിജ്യമാക്കിയിരിക്കുകയാണെന്നും ഇതിന് മികച്ച പ്രതിഫലം ലഭിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
അതേസമയം, ബ്രോക്പകൾ ആര്യന്മാരുടെ നേരിട്ടുള്ള പിൻഗാമികളാണെന്ന വാദം ജനിതകശാസ്ത്രജ്ഞരും ചരിത്രകാരന്മാരും തള്ളിക്കളയുകയാണ്. ഈ വാദത്തിന് ശാസ്ത്രീയ തെളിവുകളില്ലെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ലഡാക്കിലെ പ്രഗ്നൻസി ടൂറിസം ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണെന്നും കൂടുതലും ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള കഥകൾ മാത്രമാണെന്നുമാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.