അമ്മായിയമ്മയ്ക്ക് മരുമകളുടെ ക്രൂരമർദനം; ദൃശ്യങ്ങൾ പകർത്തി പൊലീസിന് കൈമാറി പേരക്കുട്ടി
അമൃത്‌സർ: മകന്റെ കൺമുന്നിൽ വച്ച് അമ്മായിയമ്മയെ ക്രൂരമായി മർദിച്ച് മരുമകൾ. പഞ്ചാബിലെ ഗുർദാസ്പൂരിൽ ഞായറാഴ്ചയാണ് സംഭവം. മർദനത്തിന്റെ ദൃശ്യങ്ങൾ യുവതിയുടെ മകൻ രഹസ്യമായി മൊബൈലിൽ പകർത്തി പൊലീസിന് കൈമാറിയതോടെയാണ് സംഭവം പുറത്തറിയുന്നത്. മർദനമേറ്റ ഗുർബജൻ കൗർ എന്ന വയോധിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മരുമകൾ ഹർജീത് കൗറിനെതിരെ പൊലീസ് നടപടിയെടുത്തു. സ്വത്ത് തട്ടിയെടുക്കാൻ വേണ്ടിയാണ് ഹർജീത് തന്നെ നിരന്തരം ഉപദ്രവിക്കുന്നതെന്ന് ഗുർബജൻ കൗർ പരാതിയിൽ പറയുന്നു.
വയോധികയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. മരുമകളായ ഹർജീത് കൗർ അമ്മായിയമ്മയെ മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴയ്ക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. 'അമ്മേ ഒന്നും ചെയ്യരുതെന്ന്' പറഞ്ഞ് പേരക്കുട്ടി കരഞ്ഞുകൊണ്ട് മർദനം നിർത്താൻ അപേക്ഷിക്കുന്നുണ്ടെങ്കിലും ഹർജീത് അത് അവഗണിക്കുകയായിരുന്നു. മകന്റെ അപേക്ഷയെ തുടർന്ന് മുടിയിലെ പിടുത്തം വിട്ടെങ്കിലും ഹർജീത് വയോധികയെ ചീത്തവിളിക്കുകയും കൈകൊണ്ട് അടിക്കുകയും കസേരയിലേക്ക് തള്ളിയിടുകയും ചെയ്യുന്നുണ്ട്.
കേട്ടാൽ അറയ്ക്കുന്ന തെറിവാക്കുകളും വീഡിയോയിൽ കേൾക്കാം. ഇതിനു പിന്നാലെ ഒരു സ്റ്റീൽ ഗ്ലാസെടുത്ത് വയോധികയെ രണ്ടുതവണ അടിക്കുന്നതും ഉന്തി തള്ളിയിടുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നീട് തറയിലിരിക്കുന്ന ഗുർബജൻ കൗറിനെ ഹർജീത് വീണ്ടും തള്ളിയിടുകയും പ്രതിരോധിക്കാൻ ശ്രമിച്ച വയോധികയുടെ കാലിൽ പിടിച്ച് രണ്ടുതവണ മുഖത്തടിക്കുന്നതും കാണാം. ഈ സമയം ഗുർബജൻ കൗർ ഉച്ചത്തിൽ കരയുന്നുണ്ട്. മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തി പൊലീസിനെ സമീപിച്ചത് ഗുർബജൻ കൗറിന്റെ പേരക്കുട്ടിയും ഹർജീത് കൗറിന്റെ മകനുമായ ചരത്‌വീർ സിംഗാണ്. അമ്മ മദ്യപിച്ചെത്തി മുത്തശ്ശിയെ സ്ഥിരമായി മർദ്ദിക്കാറുണ്ടെന്ന് പേരക്കുട്ടി ചരത്‌വീർ പൊലീസിന് മൊഴി നൽകി.
തന്നെയും അച്ഛനെയും അമ്മ മർദിക്കാറുണ്ടെന്നും കുട്ടി പറഞ്ഞു. വീഡിയോ പകർത്തിയതിനെക്കുറിച്ച് പൊലീസ് ചോദിച്ചപ്പോൾ തെളിവായി സൂക്ഷിക്കാനാണ് താൻ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തതെന്നും കുട്ടി പറഞ്ഞു. മുൻപും അമ്മ അച്ഛനെ ചെരിപ്പുകൊണ്ട് മർദിക്കുന്നതിന്റെയും, തന്നെ മുത്തശ്ശിക്കരികിൽ നിന്ന് മാറ്റാനായി മുറിയിൽ പൂട്ടിയിടുന്നതിന്റെയും വീഡിയോകൾ ചരത്‌വീർ പൊലീസിന് കൈമാറിയിട്ടുണ്ട്.