'നാല് കോടി രൂപ നഷ്‌ടപരിഹാരം നൽകണം'; യൂട്യൂബിനും ഗൂഗിളിനുമെതിരെ ഐശ്വര്യയും അഭിഷേകും കോടതിയിൽ

Thursday 02 October 2025 4:12 PM IST

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ച ഡീപ്‌ഫേക്ക് വീഡിയോകൾ പ്രചരിപ്പിച്ചതിന് യൂട്യൂബിനും ഗൂഗിളിനുമെതിരെ മാനനഷ്‌ട കേസ് നൽകി ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും. 4,50,000 ഡോളർ (ഏകദേശം നാല് കോടി രൂപ) ആണ് നഷ്‌ടപരിഹാരമായി താരദമ്പതികൾ ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് തന്റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് ഐശ്വര്യ റായ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. അനുമതിയില്ലാതെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് തടയണമെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും താരങ്ങൾ ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ ഡീപ്‌ഫേക്ക് വീഡിയോകളിലെ തങ്ങളുടെ ശബ്‌ദങ്ങൾ, ചിത്രങ്ങൾ എന്നിവ ദുരുപയോഗം ചെയ്യുന്നതോ തെറ്റായി പ്രതിനിധീകരിക്കുന്നതോ ആയ ഏതെങ്കിലും ഉള്ളടക്കം പ്രചരിപ്പിക്കുകയോ അതുവഴി പണം സമ്പാദിക്കുകയോ ചെയ്യുന്നത് തടയണമെന്നും ഇതിന് സ്ഥിരമായ നിരോധനം ഏർപ്പെടുത്തണമെന്നും പരാതിയിൽ പറയുന്നു.

AI Bollywood Ishq എന്ന യൂട്യൂബ് ചാനലിനെയാണ് ഐശ്വര്യയും അഭിഷേകും ഹർജിയിൽ പ്രത്യേകം പരാമർശിച്ചിരിക്കുന്നത്. ഈ ചാനലിൽ കൃത്രിമമായി നിർമിച്ച 259ലധികം വീഡിയോകളുണ്ടെന്നും ഇവർക്ക് 16.5 ദശലക്ഷത്തിലധികം കാഴ്‌ചക്കാരുണ്ടായിട്ടുണ്ടെന്നും പറയുന്നുണ്ട്. സംഭവത്തിൽ ഗൂഗിളിന്റെ നിയമോപദേശകനോട് രേഖാമൂലം മറുപടി നൽകാൻ ഡൽഹി ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. 2026 ജനുവരി 15നാണ് കേസിൽ അടുത്ത വാദം നടക്കുന്നത്.