ഗാന്ധി സന്ദേശം ഉൾക്കൊണ്ട് വിഭാഗീയതകളെ ചെറുക്കണം

Friday 03 October 2025 1:12 AM IST

കോട്ടയം : മഹാത്മാഗാന്ധി പകർന്നുതന്ന സന്ദേശം ഉൾക്കൊണ്ട് എല്ലാത്തരം വിഭാഗീയതകൾക്കുമെതിരെ പോരാടാൻ സമൂഹത്തിന് കഴിയണമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരുനക്കര ഗാന്ധി സ്‌ക്വയറിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രം നമുക്ക് നൽകിയ അതുല്യ സംഭാവനയാണ് മഹാത്മാഗാന്ധി.അദ്ദേഹം പകർന്ന സ്വാതന്ത്ര്യത്തിന്റെ സന്ദേശവും ദേശാഭിമാനബോധവുമാകണം നമ്മളെ നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ. ഫ്രാൻസിസ് ജോർജ് എം.പി ഗാന്ധി ജയന്തി ദിന സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, കളക്ടർ ചേതൻ കുമാർ മീണ, നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, വൈസ് ചെയർമാൻ ബി. ഗോപകുമാർ, നഗരസഭാംഗം ജയമോൾ ജോസഫ്, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ എസ്. സഞ്ജീവ് കുമാർ എന്നിവർ പ്രസംഗിച്ചു.