കെ പി മോഹനൻ എംഎൽഎയെ കയ്യേറ്റം ചെയ്ത സംഭവം; ഇരുപതോളം പേർക്കെതിരെ കേസ്
കണ്ണൂർ: കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഇരുപതോളം പേർക്കെതിരെയാണ് ചൊക്ളി പൊലീസ് സ്വമേധയാ കേസെടുത്തത്. പെരിങ്ങത്തൂർ കരിയാട് തണൽ ഡയാലിസിസ് കേന്ദ്രവുമായി ബന്ധപ്പെട്ട മാലിന്യപ്രശ്നത്തിന് പരിഹാരം കാണാത്തതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. സ്ത്രീകൾ അടക്കമുള്ളവരാണ് എംഎൽഎയെ കയ്യേറ്റം ചെയ്തത്.
അങ്കണവാടി ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു എംഎൽഎ. പ്രദേശത്ത് വർഷങ്ങളായി ഒരു ഡയാലിസിസ് കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്ന് മാലിന്യം പുറത്തേക്ക് ഒഴുക്കുന്നതിൽ ജനങ്ങൾ ഏറെ ബുദ്ധിമുട്ടിലാണ്. ജനങ്ങളുടെ ബുദ്ധിമുട്ട് എംഎൽഎ വേണ്ടവിധത്തിൽ പരിഗണിച്ചില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
നാട്ടുകാർ മാലിന്യപ്രശ്നത്തെക്കുറിച്ച് പറയാൻ ശ്രമിക്കുന്നതിനിടയിൽ എംഎൽഎ ഉദ്ഘാടന സ്ഥലത്തേക്ക് പോകാൻ ശ്രമിച്ചു. തുടർന്ന് പ്രകോപിതരായ പ്രതിഷേധക്കാർ എംഎൽഎയെ പിടിച്ചുതള്ളി. വാക്കേറ്റവും ഉണ്ടായി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.