അറിവിന്റെ ആദ്യക്ഷരങ്ങൾ കുറിച്ച് കുരുന്നുകൾ
മാന്നാർ: നവരാത്രി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് വിജയദശമി ദിനത്തിൽ വിവിധയിടങ്ങളിൽ കുരുന്നുകൾ അറിവിന്റെ ആദ്യക്ഷരങ്ങൾ കുറിച്ചു. ആത്മബോധോദയസംഘത്തിന്റെ പ്രധാന കേന്ദ്രമായ ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് നൂറുകണക്കിന് കുട്ടികളാണ് ആദ്യക്ഷരം കുറിക്കുവാൻ എത്തിച്ചേർന്നത്. ആശ്രമാധിപതിയും മാനേജിംഗ് ട്രസ്റ്റിയുമായ ദേവാനന്ദ ഗുരുദേവൻ തളികയിൽ നിറച്ച അരിയിൽ കുട്ടികളുടെ കൈവിരൽ പിടിച്ച് ഹരിശ്രീ കുറിപ്പിച്ചു. പ്രഭാതത്തിൽ ഗുരുപൂജ, ഗുരുദക്ഷിണ, പ്രാർത്ഥന, എഴുന്നള്ളത്ത് എന്നിവയുമുണ്ടായിരുന്നു. ഉത്രാടം പക്കനാൾ സ്തുതിയും നാളെ പ്രഭാതം വരെ നടത്തപ്പെടുമെന്ന് ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദൻ അറിയിച്ചു.
മാന്നാർ ശ്രീകുരട്ടിശ്ശേരിയിലമ്മ ഭഗവതീ ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ രാവിലെ പൂജയെടുപ്പും വിദ്യാരംഭവും നടന്നു. ചൈതന്യയിൽ ഡോ.ബാലകൃഷ്ണപിള്ള കുരുന്നുകൾക്ക് അറിവിന്റെ ആദ്യക്ഷരം പകർന്നു നൽകി.തുടർന്ന് തന്ത്രി മുഖ്യൻ പുത്തില്ലത്ത് നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ മഹാസാരസ്വതഹോമം നടന്നു. വൈകിട്ട് ദീപക്കാഴ്ച, കുത്തിയോട്ട ചുവടുവയ്പ് എന്നിവയോടെ പന്ത്രണ്ട് ദിവസമായി നടന്നു വന്ന നവരാത്രി ഉത്സവാഘോഷങ്ങൾക്ക് സമാപ്തിയായി.
കാരാഴ്മ മഴപ്പഴഞ്ഞിയിൽ ഭദ്രാ -സരസ്വതി ക്ഷേത്രത്തിൽ പൂജയെടുപ്പും വിദ്യാരംഭവും നടന്നു. സരസ്വതി നടയിൽ വിശേഷാൽ പൂജകൾക്ക് മേൽശാന്തി മധുസൂദനൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. രക്ഷാധികാരി കെ.എം. ഗോപാലകൃഷ്ണക്കുറുപ്പ്, പ്രസിഡന്റ് ജി.ഗോപകുമാർ, വൈസ് പ്രസിഡന്റുമാരായ ബി.ഉമാദേവി, എം.വിനോദ് കുമാർ, സെക്രട്ടറി അനീഷ് വി.കുറുപ്പ്, ജോയിന്റ് സെക്രട്ടറിമാരായ എം.എസ്.ഇന്ദുലേഖ, അരുൺ ആർ.കുറുപ്പ്, ട്രഷറർ ജി.ശ്രീകുമാർ, കമ്മിറ്റിയംഗങ്ങളായ രാധാകൃഷ്ണൻ നായർ, ശാരദാമ്മ, മഞ്ജുഷ, അശ്വിൻ പ്രകാശ് എന്നിവർ നേതൃത്വം നൽകി.
മാന്നാർ കുരട്ടിക്കാട് ശ്രീമുത്താരമ്മൻ ദേവസ്ഥാനം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്രമേൽശാന്തി സന്തോഷ് നാരായണൻനമ്പൂതിരി കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്നു നൽകി. തുടർന്ന് കുട്ടികളുടെ സംഗീതാർച്ചനയും ഉതൃട്ടാതിസമതി ചിന്ത്പാട്ട് അവതരിപ്പിച്ചു.