പോസ്റ്റർ വിവാദം, ഉത്തർപ്രദേശിൽ സംഘർഷ സാദ്ധ്യത: ബറേലിയിൽ 48 മണിക്കൂർ ഇന്റർനെറ്റ് നിരോധിച്ചു
ഉത്തർപ്രദേശ്: സംഘർഷ സാദ്ധ്യതയെ തുടർന്ന് ഉത്തർപ്രദേശിലെ ബറേലിയിൽ 48 മണിക്കൂർ ഇന്റർനെറ്റ് സേവനം നിർത്തലാക്കി ജില്ലാഭരണകൂടം ഉത്തരവിറക്കി. 'ഐ ലവ് മുഹമ്മദ്' പോസ്റ്റർ വിവാദവും ദസറ, ദുർഗ്ഗാ പൂജാ ആഘോഷങ്ങളും കണക്കിലെടുത്താണ് നിരോധനം. വ്യാഴാഴ്ച ഉച്ചമുതൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 വരെ 48 മണിക്കൂറിലേക്കാണ് സേവനങ്ങൾ നിർത്തലാക്കുന്നത്. വലിയ ജനത്തിരക്കുണ്ടാകുന്ന രാംലീല, രാവൺ ദഹൻ തുടങ്ങിയ പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പൊലീസിനും നിർദ്ദേശം ലഭിച്ചിട്ടുണ്ട്.
സെപ്റ്റംബർ 4നാണ് സംഘർഷങ്ങൾക്ക് ആസ്പദമായ സംഭവമുണ്ടാകുന്നത്. നബിദിനാഘോഷത്തിന്റെ ഭാഗമായി കാൺപൂരിൽ 'ഐ ലവ് മുഹമ്മദ്' എന്നെഴുതിയ ബോർഡുകൾ സ്ഥാപിച്ചതിന് ചിലരുടെ പേരിൽ പൊലീസ് കേസെടുത്തിരുന്നു. ആഴ്ചകൾക്കുശേഷം സമാനരീതിയിൽ വാരാണസിയിൽ'ഐ ലവ് മഹാദേവ്' എന്ന പ്ലക്കാർഡുകളുയർത്തി മറ്റൊരു വിഭാഗം ജനങ്ങൾ പ്രതിഷേധിച്ചതോടെ ഭിന്നിപ്പ് രൂക്ഷമായി. തുടർന്ന് കഴിഞ്ഞയാഴ്ച പൊലീസും പ്രതിഷേധക്കാരുമായി ഏറ്റുമുട്ടലുണ്ടായി.
കഴിഞ്ഞയാഴ്ച കോട്വാലി പ്രദേശത്തെ ഒരു പള്ളിക്ക് പുറത്ത് തടിച്ചുകൂടിയ 2000 ത്തോളം വരുന്ന പ്രതിഷേധക്കാരുമായാണ് പൊലീസ് ഏറ്റുമുട്ടിയത്. ജനക്കൂട്ടം പൊലീസിനു നേർക്ക് കല്ലെറിഞ്ഞു. പുരോഹിതനായ തൗഖീർ ഖാനാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പ്രതിഷേധം പൊലീസ് തടയാൻ ശ്രമിച്ചതിനെ തുടർന്നാണ് ജനക്കൂട്ടം അക്രമാസക്തരായി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 81 പേരെ അറസ്റ്ര് ചെയ്യുകയും പ്രതികളുടെ സ്വത്തു വകകൾ കണ്ട്കെട്ടുകയും ചെയ്തു. ബുധനാഴ്ച നഗരത്തിലെ സിബി ഗഞ്ചിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്നാണ് ഇവരിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തത്. വെടിവയ്പിൽ പരിക്കേറ്റ ഇരുവർക്കും പൊലീസ് കസ്റ്റഡിയിൽ ചികിത്സ നൽകിയതായി ഉദ്യോഗസ്ഥർ പറയുന്നു. പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത തൗഖീർ ഖാനും അദ്ദേഹത്തിന്റെ കൂട്ടാളികളും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. ഈ സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തിലാണ് വർഗ്ഗീയ ലഹളയ്ക്ക് സാദ്ധ്യതയുണ്ടെന്ന പേരിൽ ബറേലിയിൽ 48 മണിക്കൂർ ഇന്റർനെറ്റ് നിരോധിച്ചിരിക്കുന്നത്.
വർഗ്ഗീയലഹളകൾക്ക് കാരണമായേക്കാവുന്ന തെറ്രായ പ്രചരണങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ നടക്കാൻ സാധ്യതയുണ്ടെന്ന് ജില്ലാഭരണകൂടം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. സമാധാനം നിലനിർത്തുന്നതിനാണ് നടപടി സ്വീകരിച്ചതെന്നും ഉത്തരവിൽ പറയുന്നു.
പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ലോക്കൽ പൊലീസിന് പുറമെ പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി, റാപ്പിഡ് ആക്ഷൻ ഫോഴ്സ് എന്നിവയെയും വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാന പാലനത്തിനായി സുരക്ഷാസേന പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലായി ഡ്രോണുകൾ സ്ഥാപിച്ചു. ബറേലിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ അലാറം സ്ഥാപിച്ചിട്ടുണ്ട്. ഷാജഹാൻപൂർ, പിലിഭിത്ത്, ബുദൗൺ ജില്ലകൾക്ക് ഡിവിഷണൽ കമ്മീഷണർ ഭൂപേന്ദ്ര ചൗധരി ജാഗ്രതാ നിർദ്ദേശം നൽകി.