ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് നേരിട്ട് വിമാന സർവീസ്,​ ഒക്ടോബർ അവസാനത്തോടെ പുനരാരംഭിക്കുമെന്ന് വിദേശ കാര്യ മന്ത്രാലയം

Thursday 02 October 2025 8:34 PM IST

ന്യൂഡൽഹി: ഇന്ത്യ- ചൈന വിമാന സർവീസുകൾ ഒക്ടോബർ 26ന് പുനരാരംഭിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിമാന സ‌ർവീസുകൾ പുനരാരംഭിക്കുന്നതിന് ഇരു രാജ്യങ്ങളിലെയും വ്യോമയാന ഉദ്യോഗസ്ഥർ തമ്മിൽ സാങ്കേതിക തല ചർച്ചകൾ ഈ വർഷം ആദ്യം മുതൽ ആരംഭിച്ചിരുന്നു. അമേരിക്കൻ തീരുവ നയത്തിന് പിന്നാലെ ഇന്ത്യ- ചൈന ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ നയതന്ത്ര നീക്കത്തിന്റെ ഭാഗമായാണ് നടപടി.

വിമാന സർവീസുകൾ ഒക്ടോബർ അവസാനത്തോടെ പുനരാരംഭിക്കാൻ ധാരണയായതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഷാങ്ഹായി ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലും ഇക്കാര്യം ചർച്ചയായിരുന്നു.

നേരിട്ടുള്ള വിമാന സർവീസുകൾ നടത്താൻ ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള നിയുക്ത വിമാനക്കമ്പനികൾക്ക് അനുവാദം നൽകും.

ഒക്ടോബർ 26 മുതൽ കൊൽക്കത്തയിൽ നിന്ന് ഗ്വാങ്‌ഷൂവിലേക്ക് ദിവസേനയുള്ള നോൺ-സ്റ്റോപ്പ് വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്ന് ഗ്വാങ്‌ഷൂവിലേക്കും വിമാന സർവീസുകൾ നടത്തുമെന്നും ഇൻഡിഗോ അറിയിച്ചു.

ദോക് ലാം സംഘർഷത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ വിമാന സർവീസുകൾ നിലച്ചത്. പിന്നാലെ കൊവിഡ് മഹാമാരിയുമെത്തിയതോടെ ഇത് നീളുകയായിരുന്നു. ഗൽവാൻ സംഘർഷത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള അകൽച്ച വർദ്ധിച്ചതും വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിന് വിഘാതമായി. ബെയ്ജിങ്, ഷാങ്ഹായ്, ഗ്വാങ്ഷു, ഷെങ്ദു എന്നീ പ്രധാന വിമാനത്താവളങ്ങളിലേക്കാണ് നേരത്തേ സർവീസുകളുണ്ടായിരുന്നത്. നേരിട്ടുള്ള വിമാനയാത്രകൾ പുനഃരാരംഭിക്കുന്നതിനൊപ്പം വിനോദ സഞ്ചാരികൾക്കും ബിസിനസുകാർക്കും മാദ്ധ്യമപ്രവർത്തകർക്കും മറ്റു സന്ദർശകർക്കും ഇരുഭാഗത്തേക്കും വിസ അനുവദിക്കുന്നത് സുഗമമാക്കാനും ധാരണയായി.