18കാരിയെ തീകൊളുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചയാൾ റിമാൻഡിൽ

Friday 03 October 2025 1:48 AM IST

ആലപ്പുഴ: അയൽവാസിയായ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം പൊലീസ് കസ്റ്റഡിയിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ റിമാൻഡ് ചെയ്തു. സീവ്യു വാർഡ് തൈപ്പറമ്പിൽ വീട്ടിൽ ജോസിനെയാണ് (57) റിമാൻഡ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. സിവ്യു വാർഡ് ഫിലാഡെൽഫിയ വീട്ടിൽ ആനന്ദ് കുമാറിന്റെ മകളായ പതിനെട്ടുവയസുകാരിയെയാണ് വീട്ടിൽ കയറി ആക്രമിച്ചത്. പെൺകുട്ടിയുടെ അച്ഛനും അമ്മയും പുറത്ത് പോയ സമയത്താണ് പ്രതി ആക്രമിക്കാനെത്തിയത്. ആദ്യം ഇവരുടെ വീട്ടു മുറ്റത്തെത്തി അസഭ്യം പറഞ്ഞു. പെൺകുട്ടി ഒറ്റയ്ക്കാണെന്ന് മനസിലാക്കിയതോടെ ഒരു കുപ്പിയിൽ പെട്രോളുമായി വീണ്ടുമെത്തി വീടിന്റെ വരാന്തയിലിരുന്ന പെൺകുട്ടിയുടെ ദേഹത്തേക്ക് ഒഴിച്ച്, ലൈറ്റർ കൊണ്ട് കത്തിക്കാൻ ശ്രമിച്ചു. ഭയന്നുപോയ പെൺകുട്ടി ഉടൻ ജോസിനെ തള്ളിയിട്ട് ഓടി രക്ഷപ്പെട്ടു. തീ ദേഹത്ത് പടർന്നിരുന്നെങ്കിൽ വലിയ അപകടമുണ്ടാകുമായിരുന്നു. പൊലീസെത്തി പ്രതിയെ കീഴടക്കി അറസ്റ്റു ചെയ്യുകയായിരുന്നു സ്റ്റേഷനിലെത്തിയ ശേഷമാണ് ജോസ് കൈഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം നടത്തിയത്. ഇയാൾക്ക് ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി.