ഗുരുകുല രീതിയിൽ വിദ്യാരംഭം ഒരുക്കി തുഞ്ചൻ സ്മാരകം
തിരുവനന്തപുരം:ഐരാണിമുട്ടം തുഞ്ചൻ സ്മാരക സമിതിയിൽ ഈ വർഷവും നൂറുകണക്കിന് കുട്ടികൾ ആദ്യാക്ഷരമെഴുതി. ഗുരുകുലരീതിയനുസരിച്ച് എഴുത്ത്, സംഗീതം, നൃത്തം, ചിത്രകല എന്നിവയിൽ സമ്പൂർണവിദ്യാരംഭമാണ് ഇവിടെ നടത്തിയത്. വ്യാഴാഴ്ച രാവിലെ 7.30ന് ആരംഭിച്ച വിദ്യാരംഭചടങ്ങിൽ ആചാര്യൻ കുഞ്ഞുങ്ങളെ മടിയിലിരുത്തി വിദ്യാരംഭത്തിന് തുടക്കമിട്ടു. തുടർന്ന് അഷ്‌ട്രദ്രവ്യവും താളിയോലയും നൽകിയാണ് ആചാര്യൻ ശിഷ്യരെ അനുഗ്രഹിച്ചത്. ശേഷം സംഗീതം, നൃത്തം, ചിത്രകല എന്നിവയിലും കുഞ്ഞുങ്ങൾ വിദ്യാരംഭം കുറിച്ചു. കെ. ജയകുമാർ, ഡോ. ടി.ജി രാമചന്ദ്രൻപിള്ള, ഡോ. എം.ആർ തമ്പാൻ, ഡോ. വി.പി ജോയ്, കെ.വി മോഹൻകുമാർ എന്നിവർ എഴുത്തിലും ചിത്രകലയിൽ പ്രൊഫ. കാട്ടൂർ നാരായണപിള്ള, കാരയ്ക്കാമണ്ഡപം വിജയകുമാർ എന്നിവരും പ്രൊഫ. പി. സുശീലാദേവി, മണക്കാട് ഗോപൻ എന്നിവർ സംഗീതത്തിലും ഗായത്രി നൃത്തത്തിലും ആചാര്യ സ്ഥാനം വഹിച്ചു