''സ്വന്തം ആളുകളെ കൊല്ലുന്ന മന്ത്രവാദിനി'': പാക് സർക്കാരിനെ വിമർശിച്ച് അവാമി ആക്ഷൻ കമ്മിറ്റി നേതാവ്
കറാച്ചി: സ്വന്തം ആളുകളെ കൊല്ലുന്ന മന്ത്രവാദിനിയാണ് പാക് സർക്കാരും സൈന്യവുമെന്ന് അവാമി ആക്ഷൻ കമ്മിറ്റി (എ.എ.സി) യുടെ മുതിർന്ന നേതാവ് ഷൗക്കത്ത് നവാസ് മിർ.പാക് അധിനിവേശ കാശ്മീർ (പിഒകെ) സിവിലിയൻ പ്രക്ഷോഭത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവർ പ്രതിനിധികരിക്കുന്ന ജനങ്ങളെ തന്നെ അവർ അടിച്ചമർത്തുകയാണ് ചെയ്യുന്നത്.അവിടുള്ളവർ അടിച്ചമർത്തലിന്റെ ചങ്ങലയിലാണ്. ഈ പോരാട്ടം ഒരു വ്യക്തിക്കെതിരെയല്ല, മറിച്ച് ഒരു വ്യവസ്ഥക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു.
സിവിൽ സമൂഹം നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന്റെയും പ്രതിഷേധത്തിന്റെയും മൂന്നാം ദിവസമാണ് ഇത്തരത്തിലൊരു ആരോപണം. പാകിസ്ഥാൻ റേഞ്ചേഴ്സും ഇസ്ലാമാബാദ് പൊലീസും നടത്തിയ വെടിവയ്പ്പിൽ മൂന്ന് പൊലീസുകാർ കൊല്ലപെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീറിന്റെ വിവാദ പരാമർശങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.''ഇന്ത്യയിലെ ഹിന്ദുക്കൾക്കെതിരെ അതിക്രമങ്ങൾ ആരോപിക്കുമ്പോൾ അവരുടെ കൈകൾ കാശ്മീരികളുടെ രക്തത്തിൽ മുങ്ങിയിരിക്കുന്നുവെന്നാണ് ഷൗക്കത്ത് നവാസ് മിറിന്റെ പരിഹാസം.
കുതിച്ചുയരുന്ന വൈദ്യുതി ബില്ലും,ഭക്ഷ്യക്ഷാമത്തിനുമെതിരെ ആരംഭിച്ച പ്രകടനങ്ങൾ പിന്നീട് ഒരു സമ്പൂർണ്ണ പ്രതിഷേധമായി മാറുകയായിരുന്നു. മുസാഫറാബാദ്, ബാഗ്,പൂഞ്ച്, പി.ഒ.കെയിലെ മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പാകിസ്ഥാൻ സൈന്യം ജനക്കൂട്ടത്തിനെതിരെ വെടിയുതിർത്തതിൽ ഒരു ഡസനോളം പേർ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പോരാട്ടം ഞങ്ങളുടെ അവസാന ശ്വാസം വരെ നിലനിൽക്കുമെന്നും, അടിച്ചമർത്തലിന് മുന്നിൽ മുട്ടുകുത്തില്ലെന്നും ഷൗക്കത്ത് നവാസ് മിർ പറഞ്ഞു.
അതേസമയം അവാമി ആക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ച 'ലോംഗ് മാർച്ച്' വ്യാഴാഴ്ചയും തുടരും. മേഖലയിൽ ഇന്റർനെറ്റ്, ആശയവിനിമയ ഉപരോധങ്ങൾ ഇപ്പോഴും തുടരുകയാണ്.