കൈ വിലങ്ങുമായി കടന്ന അച്ഛനെയും മകനെയും പിടികൂടി

Friday 03 October 2025 3:30 AM IST

പാലോട്: വയനാട്ടിൽ നിന്ന് പിടികൂടി കൊണ്ടുവരുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി കടന്നുകളഞ്ഞ മോഷണക്കേസ് പ്രതികളായ അച്ഛനെയും മകനെയും പൊലീസ് പിടികൂടി പാലോട്ടെത്തിച്ചു. വയനാട്ടിൽ നിന്ന് പിടികൂടി കൊണ്ടുവരുന്നതിനിടെ പ്രാഥമിക ആവശ്യത്തിനെന്ന പേരിൽ പുറത്തിറങ്ങുകയും മുങ്ങുകയുമായിരുന്നു.

നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിൽ നടന്ന വിവിധ മോഷണക്കേസുകളിൽ പ്രതികളായ ആറ്റിങ്ങൽ ആലംകോട് റംസിമൻസിലിൽ അയൂബ് ഖാൻ,മകൻ സെയ്തലവി എന്നിവരാണ് പിടിയിലായത്. കുറച്ചുനാളുകളായി പാലോട് കള്ളിപ്പാറയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇരുവരും ഇക്കഴിഞ്ഞ 20നാണ് 5 കടകളിലും പള്ളിയിലും മോഷണം നടത്തിയത്. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിൽ ഇവർ വയനാട്ടിലുണ്ടെന്ന് കണ്ടെത്തുകയും പാലോട് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും പിടികൂടുകയും ചെയ്തു. തുടർന്ന് മടങ്ങിവരവേ കടയ്ക്കലിലെത്തിയപ്പോൾ പ്രതികൾ അവിടെനിന്ന് കടന്നുകളഞ്ഞു. കടയ്ക്കൽ,ചിതറ,ചടയമംഗലം,പാലോട് പൊലീസിന്റെ നേതൃത്വത്തിൽ ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെ തെരച്ചിൽ നടത്തി. ഇതിനിടെയാണ് മേപ്പാടി പൊലീസ് ഇവരെ വീണ്ടും പിടികൂടിയത്. പാലോട് സ്റ്റേഷൻ ഓഫീസർ അശ്വനി.ജെ.എൻ, എസ്.ഐ റഹിം, എസ്.സി.പി.ഒ മാരായ ശ്രീരാജ്, ജെയ്സൺ, അജേഷ്, നിസാം, അരുൺ എന്നിവരാണ് കേസന്വേഷണം നടത്തുന്നത്.