സ്ത്രീധന മരണത്തിൽ ഭർത്താവിനെതിരെ കേസ്: രണ്ട് വർഷങ്ങൾക്ക് ശേഷം മടങ്ങിയെത്തി യുവതി

Thursday 02 October 2025 9:34 PM IST

ലക്നൗ: സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും ചേർന്ന് കൊലപ്പെടുത്തിയെന്ന് കരുതിയ യുവതി രണ്ട് വർഷങ്ങൾക്ക് ശേഷം മടങ്ങിയെത്തി. 2023 ൽ ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിലെ ഭർതൃവീട്ടിൽ നിന്ന് കാണാതായ ഇരുപത് വയസ്സുകാരിയെ മദ്ധ്യപ്രദേശിൽ നിന്നാണ് കണ്ടെത്തിയത്. ഉത്തർപ്രദേശ് പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും നിരീക്ഷണ സംഘങ്ങളും നടത്തിയ അന്വേഷണങ്ങൾക്ക് ഒടുവിലാണ് യുവതിയെ കണ്ടെത്തിയത്. യുവതിയെ കാണാതായതിനെ തുടർന്ന് 2023 ഒക്ടോബർ 23ന് യുവതിയുടെ കുടുംബം പൊലീസിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണങ്ങളിലും യുവതിയെ കണ്ടെത്താനായില്ല. സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർത്തൃവീട്ടുകാർ കൊലപ്പെടുത്തിയെന്ന് യുവതിയുടെ കുടുംബം ആരോപിച്ചതോടെ ഭർത്താവിനെയും ബന്ധുക്കളെയും പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടു. അതനുസരിച്ച് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 304 ബി (സ്ത്രീധനമരണം) ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് ഭർത്താവിനും അയാളുടെ 6 ബന്ധുക്കൾക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തു. രണ്ട് വർഷത്തോളമായി കേസ് നടക്കുകയാണ്.

അന്വേഷണം തുടരുന്നതിനിടയിലാണ് മധ്യപ്രദേശിൽ നിന്ന് യുവതിയെ കണ്ടെത്തിയതെന്നും ബുധനാഴ്ച അവരെ ഔറയ്യയിലേക്ക് തിരികെ എത്തിച്ചെന്നും ഔറ സർക്കിൾ ഓഫീസർ അശോക് കുമാർ പറഞ്ഞു. അന്വേഷണം കൂടുതൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്ധ്യപ്രദേശിൽ യുവതി എന്താണ് ചെയ്തിരുന്നതെന്നും ഇത്രയും കാലം കുടുംബവുമായോ ഭർത്താവിന്റെ ബന്ധുക്കളുമായോ ബന്ധപ്പെടാൻ ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്നും അന്വേഷിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ കാര്യങ്ങളെല്ലാം കോടതിയിലെ കേസിനെ സ്വാധീനിക്കുമെന്ന് ഉദ്യോഗസ്ഥരിൽ ഒരാൾ കൂട്ടിച്ചേർത്തു.