101 മദ്യക്കുപ്പികളുമായി പിടിയിൽ
ആലപ്പുഴ:ഡ്രൈഡേയിൽ വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച 101 മദ്യക്കുപ്പികളുമായി പുറക്കാട് പഞ്ചായത്ത് വാർഡ് 11 -ൽ തോട്ടപ്പള്ളി പുതുവൽ വീട്ടിൽ ശിവജി(52)യെ എക്സൈസ് പിടികൂടി. ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ ഫാറൂക്ക് അഹമ്മദിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തോട്ടപ്പള്ളി ഭാഗത്ത് എത്തിയപ്പോൾ മദ്യ വിൽപ്പന നടത്തിക്കൊണ്ടിരുന്ന ശിവജി വല സഞ്ചിയിൽ സൂക്ഷിച്ചിരുന്ന മദ്യം കായലിൽ ഉപേക്ഷിച്ചു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. കായലിൽ നടത്തിയ തിരിച്ചിലാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്. ഡ്രൈ ഡേ കണക്കാക്കി മദ്യം സംഭരിച്ച് കായലിൽ സൂക്ഷിക്കുകയും ആവശ്യക്കാർക്ക് അര ലിറ്ററിന് 600 രൂപ നിരക്കിൽ വിൽക്കുന്നതുമായിരുന്നു ഇയാളുടെ രീതിയെന്ന് എക്സൈസ് പറഞ്ഞു. അസി. എക്സൈസ് ഇൻസ്പെക്ടർമാരായ അബ്ദുൾ ഷുക്കൂർ, മനോജ് കുമാർ വി.കെ, സന്തോഷ് കുമാർ.വി, സിവിൽ എക്സൈസ് ഓഫീസർമാരായ സുർജിത്ത് ടി.ജി, ഷഫീക്ക് കെ.എസ്, ഹരീഷ് കുമാർ കെ.എച്ച്, ജി.ആർ രണദിവെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജയകുമാരി വി.കെ എന്നിവരും സംഘത്തിലുണ്ടായിരുന്നു.