പ്രഖ്യാപനത്തിന് വയസ് അഞ്ചായി; കണ്ണൂരിൽ ഇന്നും അമ്മതൊട്ടിലില്ല

Thursday 02 October 2025 9:48 PM IST

കണ്ണൂർ:സർക്കാർ അ‍ഞ്ച് വർഷം മുമ്പ് പ്രഖ്യാപിച്ച അമ്മത്തൊട്ടിൽ കണ്ണൂർ ജില്ലയിൽ യാഥാർത്ഥ്യമായില്ല.മുമ്പ് കണ്ണൂർ നേരത്തെ പ്രവർത്തിച്ചിരുന്ന അമ്മത്തൊട്ടിൽ ജില്ലാ ആശുപത്രി നവീകരണത്തോടെ ഇല്ലാതായിരുന്നു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും അമ്മത്തൊട്ടിൽ സ്ഥാപിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.

നിലവിൽ കണ്ണൂർ, വയനാട് ജില്ലകളിൽ മാത്രമാണ് അമ്മത്തൊട്ടിൽ ഇല്ലാത്തത്. ജില്ലാ ആശുപത്രിക്ക് സമീപം അമ്മത്തൊട്ടിലിനുള്ള സ്ഥലം ജില്ലാപഞ്ചായത്ത് കണ്ടെത്തിയിരുന്നു. എന്നാൽ സ്വകാര്യത ഉണ്ടാകില്ലെന്നതും സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടിയും സംസ്ഥാനസമിതി ഇതിന് അനുമതി നൽകിയില്ല. മറ്റൊരു സ്ഥലം കണ്ടെത്താനുള്ള ശ്രമം ജില്ലാ പഞ്ചായത്ത് തുടരുകയാണ്. ഇതിനായി ഫണ്ട് നീക്കിവെച്ചിട്ടുണ്ടെന്നും ജില്ലാപഞ്ചായത്ത് അധികൃതർ പറഞ്ഞു.

മിക്കയിടങ്ങളിലും ആശുപത്രിയോടനുബന്ധിച്ചാണ് അമ്മത്തൊട്ടിൽ. ഇതുമൂലം പലരും അമ്മത്തൊട്ടിലിനകത്തേക്ക് വന്നുനോക്കാൻ ശ്രമിക്കും. ഇത്തരത്തിൽ സൈറൺ നിരന്തരം മുഴങ്ങുമ്പോൾ തകരാ‌ർ വരാനും ഇടയാകും .സാങ്കേതിക തകരാർ പരിഹരിക്കാൻ തിരുവന്തപുരത്ത് നിന്നാണ് വിദഗ്ധർ എത്തേണ്ടത്.

ആദ്യ അമ്മത്തൊട്ടിൽ 2002ൽ

2002 നവംബർ 14ന് തിരുവന്തപുരത്താണ് സംസ്ഥാനത്തെ ആദ്യ അമ്മത്തൊട്ടിൽ സ്ഥാപിച്ചത്. അതിന് ശേഷം എല്ലാ ജില്ലകളിലും സർക്കാർ ആശുപത്രികളുടെ സമീപത്തായി അമ്മത്തൊട്ടിൽ സ്ഥാപിച്ചു. എന്നാൽ മലപ്പുറം മഞ്ചേരിയിലെ ആശുപത്രിയും കണ്ണൂർ ജില്ലാ ആശുപത്രിയുമെല്ലാം നവീകരിച്ചതോടെ അമ്മതൊട്ടിൽ പടിക്ക് പുറത്തായി. മഞ്ചേരിയിൽ പകരം സംവിധാനം ഒരുക്കിയെങ്കിലും കണ്ണൂരിൽ ഈ സംവിധാനം പൂർണമായും ഇല്ലാതായി.

വേണം ഹൈടെക് അമ്മത്തൊട്ടിൽ 2018 ലാണ് അമ്മത്തൊട്ടിലുകൾ ആധുനീകരിക്കാൻ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസുമായി (കെ.എസ്.ഐ.ഇ.) കരാറുണ്ടാക്കിയത്.സംസ്ഥാനത്ത് തിരുവന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഹൈടെക് അമ്മത്തൊട്ടിൽ സ്ഥാപിച്ചത്. ഇതിന് 15 ലക്ഷത്തോളം ചിലവ് വരും. ആധുനിക അമ്മത്തൊട്ടിലിൽ കുഞ്ഞിനെ കിടത്തിയാലുടൻ സി.ഡബ്ല്യു.സി ചെയർമാൻ, കളക്ടർ, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, നഴ്സിംഗ് സ്റ്റേഷൻ എന്നിവർക്ക് മൊബൈലിൽ സന്ദേശമെത്തും. കുട്ടിയെ എടുത്തുമാറ്റുന്നതുവരെ ഇടവിട്ട് സന്ദേശമയക്കും. എം.പി, എം.എൽ.എ ഫണ്ട് ഉപയോഗിച്ചോ വ്യക്തികളോ സന്നദ്ധസംഘടനകളോ നൽകുന്ന സഹായം ഉപയോഗിച്ചോ ആണ് ഇതിനുള്ള തുക കണ്ടെത്തുന്നത്. മറ്റ് ജില്ലകളിൽ കൂടി ആധുനിക അമ്മത്തൊട്ടിലൊരുക്കാനുള്ള ശ്രമത്തിലാണ് ശിശുക്ഷേമ സമിതി.