'കവിയുടെ കാൽപാടുകൾ" തേടിയിറങ്ങുന്നു പിൻതലമുറ

Thursday 02 October 2025 10:09 PM IST

കാസർകോട് : മഹാകവി പി സഞ്ചരിച്ചതും താമസിച്ചതും കവിതകൾ എഴുതിയതുമായ ഇടങ്ങൾ തേടി ജന്മനാട്ടിൽ നിന്നും പിൻതലമുറ ഇറങ്ങുന്നു. തൊണ്ണൂറു പിന്നിട്ട മകനും മകളും നാട്ടുകാരും പിയുടെ കവിതകളെ സ്നേഹിക്കുന്നവരുമായ കൂട്ടായ്മയുമാണ് നാളെ ജന്മനാടായ വെള്ളിക്കോത്ത് നിന്നും യാത്ര തിരിക്കുന്നത്.

യാത്ര ആരംഭിക്കുന്നത് പുസ്തകരചനയ്ക്ക് പണമില്ലാതെ അനുജന് കവി എഴുതിക്കൊടുത്ത മഠത്തിൽ വളപ്പ് വീട്ടുമുറ്റത്തുനിന്നാണ്. കവിത തേടിയും ജീവിതം തേടിയും കവി അലഞ്ഞ നാടുകളിലൂടെ സംഘം യാത്ര ചെയ്യും. ഏറെക്കാലം അദ്ധ്യാപകനായിരുന്ന കൂടാളി സ്കൂൾ, കവി പഠിച്ച പട്ടാമ്പി സംസ്കൃത വിദ്യാലയം, കവിയുടെ സർഗ്ഗ ഭൂമികളായ പൊന്മള , കൊല്ലംകോട്, തിരുവില്വാമല , ലക്കിടി, തുഞ്ചൻപറമ്പ്, തുഞ്ചൻ സ്മാരകം, ചെറുശ്ശേരി സ്മാരകം കവിയുടെ പത്നി കുഞ്ഞിലക്ഷ്മി അമ്മയുടെ മലപ്പുറത്തെ തറവാട് വീടായ വടയക്കളവും സംഘം സന്ദർശിക്കും.

നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ തറവാടിന്റെ മുകളിൽ ഇരുന്നാണ് കവിയുടെ ചില പ്രശസ്തമായ കവിതകൾ പിറന്നത്. ഏറ്റവും ഒടുവിൽ കവിയുടെ അവധൂത കാവ്യജീവിതത്തിന് ആശ്വാസം പകർന്ന ഗുരുവായൂർ നടയിലും സംഘം എത്തും.

നാനാതുറകളിൽ നിന്നുള്ളവർ ഈ സംഘത്തിൽ ഉൾപ്പെടുന്നുണ്ട്. കവികളും എഴുത്തുകാരും, കലാകാരൻമാരും അദ്ധ്യാപകരും വിരമിച്ച ഉദ്യോഗസ്ഥരും, മാദ്ധ്യമ പ്രവർത്തകരും തൊണ്ണൂറ് വയസ്സ് കഴിഞ്ഞ കവിയുടെ മകനും മകളും പേരക്കുട്ടികളും ഉണ്ട്. ഒക്ടോബർ ആറിന് യാത്ര പൂർത്തീകരിച്ച് സംഘം തിരിച്ചെത്തും. മഹാകവിയുടെ മകൻ രവീന്ദ്രൻ നായരാണ് യാത്രയ്ക്ക് നേതൃത്വം നൽകുന്നത്.