ഒരെ ദിവസം,​ഒരെ വേദി, ഒരെ കസേര ;കണ്ണൂരിൽ കോടിയേരി,​ എൻ.രാമകൃഷ്ണൻ അനുസ്മരണങ്ങൾ നടത്തി സി.പി.എമ്മും കോൺഗ്രസും

Thursday 02 October 2025 10:21 PM IST

കണ്ണൂർ:എന്തിലുമേതിലും രാഷ്ട്രീയം കാണുന്ന കണ്ണൂരിൽ ഒരെ ദിവസം,​ഒരെ വേദിയിൽ ,​ ഒരെ കസേരകൾ ഉപയോഗിച്ച് മണിക്കൂറുകളുടെ വ്യത്യാസത്തിൽ നേതാക്കളുടെ അനുസ്മരണങ്ങൾ നടത്തി സി.പി.എമ്മും കോൺഗ്രസും. സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ എൻ.രാമകൃഷ്ണന്റെയും അനുസ്മരണങ്ങളാണ് ചെറിയ സമയത്തിന്റെ വ്യത്യാസത്തിൽ നടന്നത്.

പയ്യാമ്പലത്ത് രാവിലെ ഏഴ് മണിയോടെയാണ് കോടിയേരിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും പിന്നാലെ പൊതുയോഗവും നടന്നത്. തൊട്ടു പിന്നാലെ പത്തു മണിയോടെ ഇതേ വേദിയിലായിരുന്നു എൻ.രാമകൃഷ്ണൻ അനുസ്മരണം.

കോടിയേരി അനുസ്മരണം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനും എൻ.രാമകൃഷ്ണൻ അനുസ്മരണം ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജുമാണ് ഉദ്ഘാടനം ചെയ്തത്.

അവർ അടുപ്പക്കാരായിരുന്നു....

കോൺഗ്രസ് മന്ത്രിയായിരുന്ന എൻ.രാമകൃഷ്ണനെ 1996ൽ കണ്ണൂരിൽ കോൺഗ്രസ് വിമതനായി മത്സരിപ്പിക്കാൻ മുൻകൈയെടുത്തത് കോടിയേരി ബാലകൃഷ്ണനായിരുന്നു. അന്ന് കെ.സുധാകരനെതിരെയായിരുന്നു രാമകൃഷ്ണൻ മത്സരിച്ചത്. നാല് വർഷത്തിന് ശേഷം എൻ.രാമകൃഷ്ണൻ കോൺഗ്രസിൽ തിരിച്ചെത്തുകയും ചെയ്തു.കോടിയേരിയുടെ മകൻ ബിനീഷ് കഴിഞ്ഞ ദിവസം സാമൂഹ്യമാദ്ധ്യമത്തിൽ ഇക്കാര്യം പങ്കുവച്ചിരുന്നു. 2012 ഒക്ടോബർ ഒന്നിനാണ് എൻ.രാമകൃഷ്ണൻ മരിച്ചത്. 2022 ഒക്ടോബർ ഒന്നിനാണ് കോടിയേരി ബാലകൃഷ്ണൻ വിട പറഞ്ഞത്.