കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു
ഇന്ത്യയിലെ അപകട മരണങ്ങൾ, കുറ്റകൃത്യങ്ങൾ, കാണാതായവർ, ആത്മഹത്യ ചെയ്‌തവർ, അജ്ഞാത മൃതശരീരങ്ങൾ തുടങ്ങിയവയുടെ വിവരങ്ങൾ ശേഖരിച്ച് അപഗ്രഥിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഏജൻസിയാണ് നാഷണൽ ക്രൈം റെക്കാർഡ്‌സ് ബ്യൂറോ. ഈ ഏജൻസി ദേശീയ തലത്തിൽ ഡാറ്റാ ബേസ് തയ്യാറാക്കുക മാത്രമല്ല, വിവരങ്ങൾ നിയമപാലകർക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കുകയും ചെയ്യുന്നു. ഒരു പ്രത്യേക സംസ്ഥാനത്ത് അഥവാ ജില്ലയിൽ കുറ്റകൃത്യങ്ങൾ, അപകട മരണങ്ങൾ കൂടിയിട്ടുണ്ടെങ്കിൽ അത് തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ നിയമപാലകർക്ക് ഇവരുടെ രേഖകൾ പ്രയോജനപ്പെടും. എൻ.സി.ആർ.ബി 2023-ലെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതനുസരിച്ച് രാജ്യത്ത് സ്‌ത്രീകൾക്കും കുട്ടികൾക്കും പട്ടികവിഭാഗങ്ങൾക്കുമെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചതായാണ് കാണുന്നത്.
2022-നെ അപേക്ഷിച്ച് ഇത്തരം അതിക്രമങ്ങളിൽ 0.7 ശതമാനം വർദ്ധനയുണ്ട്. 2023-ൽ 4.48 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 30 ശതമാനത്തോളം കേസുകളും ഭർത്താവിന്റെയോ ബന്ധുക്കളുടെയോ അക്രമങ്ങളുടെ പേരിലാണ്. പതിനഞ്ച് ശതമാനത്തോളം പോക്‌സോ കേസുമുണ്ട്. മദ്ധ്യവർഗ കുടുംബങ്ങളിൽ വീടുകൾക്കുള്ളിലാണ് ഏറ്റവും കൂടുതൽ പീഡനങ്ങൾ നടക്കുന്നത് എന്നത് ഇക്കാര്യങ്ങളിൽ ഗവേഷണം നടത്തുന്ന വിദഗ്ദ്ധർ നേരത്തേതന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. അതിക്രമം നടത്താനുള്ള ഒരു ലൈസൻസായി ദാമ്പത്യബന്ധം രൂപാന്തരപ്പെടാൻ പാടില്ല. ഇത്തരത്തിലുള്ള പല പീഡനങ്ങളും രേഖപ്പെടുത്താതെ പോവുകയാണ് പതിവ്. വികസിത രാജ്യങ്ങളിൽ ഭർത്താവ് ഭാര്യയെ ശാരീരികമായി ഉപദ്രവിച്ചെന്ന് തെളിഞ്ഞാൽ ജയിൽവാസം അനുഭവിക്കണമെന്നു മാത്രമല്ല, വൻ തുക നഷ്ടപരിഹാരം നൽകാൻ ബാദ്ധ്യസ്ഥനാകുന്നതിനൊപ്പം ജോലി നഷ്ടപ്പെടുക പോലും ചെയ്യും. നിയമം ഇത്രയും കർശനമായതിനൊപ്പം അത്തരം രാജ്യങ്ങളിൽ സ്‌ത്രീകളും സ്വന്തം അവകാശങ്ങളെപ്പറ്റി നല്ല ബോദ്ധ്യമുള്ളവരാണ്.
ദാമ്പത്യ ബന്ധത്തിന്റെയും കുട്ടികളുടെയും പേരിൽ മനുഷ്യാവകാശങ്ങളെല്ലാം പണയം വച്ച് ജീവിക്കേണ്ടവരല്ല സ്‌ത്രീകൾ. പലപ്പോഴും സ്വന്തമായി ജോലിയും മറ്റുമില്ലാതെ സാമ്പത്തികമായ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന വനിതകളാണ് ഏറ്റവും കൂടുതൽ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്നത്. സ്വന്തമായി ഒരു ജോലിയില്ലെങ്കിൽത്തന്നെ ചെറിയ സംരംഭങ്ങൾ നടത്തി സാമ്പത്തികമായി ശക്തിയാർജ്ജിക്കുന്നതിലൂടെ മാത്രമേ ഗാർഹിക പീഡനങ്ങളിൽ നിന്ന് ആത്യന്തികമായി സ്‌ത്രീകൾക്ക് വിമോചിതരാകാൻ കഴിയൂ. കേരളത്തിൽ അഴിമതിക്കേസുകൾ വർദ്ധിച്ചെന്ന് എൻ.സി.ആർ.ബിയുടെ റിപ്പോർട്ടിൽ പറയുന്നത് ആശങ്ക ഉളവാക്കുന്നതാണ്. ദേശീയ തലത്തിൽ അഴിമതിക്കേസുകൾ കുറഞ്ഞപ്പോഴാണിത്. 2021-ൽ കേരളത്തിൽ 122, 2022-ൽ 178 എന്നിങ്ങനെ അഴിമതിക്കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. 2023-ൽ ഇത് 211 ആയി ഉയർന്നു.
ആത‌്‌മഹത്യാ നിരക്കിൽ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. അതിൽത്തന്നെ തൊഴിലില്ലാത്ത യുവാക്കൾ ജീവനൊടുക്കുന്നതിൽ കേരളം ഒന്നാമതാണ്. 2021-ൽ 26.9 എന്ന നിരക്കുമായി അഞ്ചാം സ്ഥാനത്തായിരുന്നു കേരളം. ദേശീയനില അന്ന് 12 ആയിരുന്നു. 2022-ൽ ദേശീയനില 12.4 ആയപ്പോൾ കേരളത്തിന്റേത് 28.5 ആയി ഉയർന്നു. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് രാജ്യത്ത് ജീവനൊടുക്കുന്നവർ 19 ശതമാനമാണെങ്കിൽ കേരളത്തിൽ ഇത് 21.9 ശതമാനമാണ്. കുടുംബ പ്രശ്നങ്ങളെത്തുടർന്നാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ആത്മഹത്യകൾ. സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളും ആത്‌മഹത്യാ നിരക്കും വർദ്ധിക്കുന്നത് തടയാൻ കേരളം സത്വര നടപടികൾ സ്വീകരിക്കാൻ വേണ്ട ആസൂത്രണം തുടങ്ങേണ്ടതാണ്.