കണ്ണുമടച്ച് കടുംവെട്ട്!
സേവനങ്ങളുടെ നിലവാരം കുത്തനെ താഴേയ്ക്കും, യാത്രകളുടെ വിലനിലവാരം കുത്തനെ മേലോട്ടും! എയർ ഇന്ത്യ വിമാന സർവീസുകളെക്കുറിച്ച് ഇടയ്ക്കിടെ 'ടേക്ക് ഓഫ്" ചെയ്യാറുള്ള ഇത്തരം ആക്ഷേപങ്ങളിൽ തീരെ പുതുമയില്ല. താരമ്യേന കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാമെന്ന മോഹനവാഗ്ദാനവുമായി പറക്കുന്ന എയർ ഇന്ത്യാ എക്സ്‌പ്രസ് വിമാനങ്ങളുടെ കാര്യത്തിലാണെങ്കിൽ, 'ടിക്കറ്റ് നിരക്ക് കുറവല്ലേ; ഇത്രയൊക്കെ ദാക്ഷിണ്യം പ്രതീക്ഷിച്ചാൽ മതി" എന്നൊരു മട്ടാണ് പൊതുവെ! ഇപ്പോഴിതാ, കേരളത്തിൽ നിന്ന് ഗൾഫ് മേഖല ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം വെട്ടിക്കുറച്ചും, ആസ്ഥാനം കൊച്ചിയിൽ നിന്ന് ഹരിയാനയിലെ ഗുരുഗ്രാമിലേക്ക് മാറ്റിയും എയർ ഇന്ത്യാ എക്സ്പ്രസ് അതിന്റെ സേവന ഭൂപടത്തിൽ നിന്ന് കേരളത്തെ മായ്ച്ചുകളയാൻ കളമൊരുക്കുന്നു!
ദുബായ്, അബുദാബി, മസ്കറ്ര്, കുവൈറ്റ്, ഷാർജ, റിയാദ്, ജിദ്ദ തുടങ്ങി മലയാളികൾ അധികമുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്ന് ആഴ്ചയിൽ പരമാവധി ഏഴുവരെ സർവീസുകൾ ഉണ്ടായിരുന്നിടത്ത്, അവ പകുതിയിലോ അതിലും കുറവോ ആക്കി വെട്ടാനാണ് എയർ ഇന്ത്യാ എക്സ്‌പ്രസിന്റെ തീരുമാനം. ഇവയിൽ തിരുവനന്തപുരത്തു നിന്നുള്ള ദുബായ്, അബുദാബി സർവീസുകൾ, കോഴിക്കോട്ടു നിന്നുള്ള കുവൈറ്റ് സർവീസ്, കണ്ണൂരിൽ നിന്നുള്ള ബഹറിൻ, ജിദ്ദ, കുവൈറ്റ് സർവീസുകൾ എന്നിവ പൂർണമായും നിറുത്തുകയാണ്. കോഴിക്കോട്ടു നിന്ന് ദമാമിലേക്കും മസ്കറ്റിലേക്കും ഉണ്ടായിരുന്ന ഏഴു വീതം സർവീസുകൾ ആഴ്ചയിൽ മൂന്നാക്കി ചുരുക്കും. എയർ ഇന്ത്യാ എക്സ്‌പ്രസ് സർവീസുകൾ നിറുത്തലാക്കാനോ, വെട്ടിച്ചുരുക്കാനോ കാത്തിരുന്നതുപോലെ, സ്വകാര്യ വിമാന കമ്പനികൾ യാത്രാ നിരക്കുകളിൽ വർദ്ധന പ്രഖ്യാപിച്ചു കഴിഞ്ഞു. പുര കത്തുമ്പോൾത്തന്നെ വേണമല്ലോ വാഴ വെട്ടാൻ!
വിദേശ മലയാളികളോടു മാത്രമാണ് ക്രൂരത എന്നു വിചാരിക്കേണ്ട; ആഭ്യന്തര സർവീസുകളിലുമുണ്ട് എയർ ഇന്ത്യാ എക്സ്‌പ്രസിന്റെ കടുംവെട്ട്. തിരുവനന്തപുരത്തു നിന്ന് ചെന്നൈയിലേക്ക് പ്രതിദിനം രണ്ടു സർവീസുകളാണ് ഉണ്ടായിരുന്നത്. 'അങ്ങനെയിപ്പോൾ കുറഞ്ഞ നിരക്കിൽ ആരും ചെന്നൈയ്ക്കു പോകേണ്ട" എന്ന് തീരുമാനിച്ചതുപോലെ, രണ്ടും ഒറ്റയടിക്ക് നിറുത്തലാക്കി. അതോടെ ചെന്നൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ യാത്രാ നിരക്കുകൾ അവർ ഉയർത്തുകയും ചെയ്തു. തിരുവനന്തപുരത്തു നിന്നുള്ള ദുബായ് സർവീസ് നിറുത്തുന്നതോടെ പ്രവാസികൾക്ക് കൂടിയ നിരക്കുള്ള എമിറേറ്റ്സ് വിമാനങ്ങളെ കീശ നോക്കാതെ ആശ്രയിക്കേണ്ടിവരും. കോഴിക്കോട്ടു നിന്നും കണ്ണൂരിൽ നിന്നുമുള്ള കുവൈറ്റ് വിമാനങ്ങൾ ഇല്ലാതാകുന്നതോടെ മലബാർ മേഖലയിൽ നിന്നുള്ള യാത്രക്കാർക്ക് കൂട്ടത്തോടെ മംഗളൂരുവിലേക്ക് വണ്ടിപിടിക്കാതെ ശരണമില്ലെന്നാകും!
'ഠപ്പേന്ന്" ഇങ്ങനെയൊരു തീരുമാനമെടുക്കാൻ പ്രത്യേകിച്ച് എന്തു സംഭവിച്ചു എന്നു ചോദിച്ചാൽ, ഒന്നും സംഭവിച്ചില്ല! കേരളത്തിൽ നിന്ന് നിലവിൽ ലാഭകരമായി നടക്കുന്ന സർവീസുകൾ വെട്ടിക്കുറച്ച്,
പരമാവധി വിമാനങ്ങൾ ഉത്തരേന്ത്യയിലേക്ക് കൊണ്ടുപോയി അമിത നിരക്കിൽ വിദേശരാജ്യങ്ങളിലേക്ക് സർവീസ് നടത്താനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണ് ഇതെന്നാണ് കേൾവി. റിപ്പോർട്ടുകളെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യോമയാന മന്ത്രാലയത്തെ എതിർപ്പ് അറിയിക്കുകയും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മന്ത്രാലയത്തിന് കത്തയയ്ക്കുകയും, ശശി തരൂർ എം.പി എയർ ഇന്ത്യാ ചെയർമാനെ വിളിച്ച് ആശങ്ക അറിയിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. കത്തും വിളിയുംകൊണ്ടു മാത്രം കാര്യമില്ല; മലയാളികളുടെ തലയ്ക്കടിക്കുന്ന തീരുമാനത്തിനെതിരെ ഡൽഹിയിലേക്ക് പ്രത്യേക നിവേദക സംഘത്തെ അയയ്ക്കുകയും, നടപടി പിൻവലിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുകയും വേണം. കൊള്ളയ്ക്ക് നിന്നുകൊടുത്താൽ എക്കാലവും അത് വായും പൊത്തി സഹിക്കാനാവും വിധി.