മോഹനൻ ഇനി ഓർമ്മയുടെ ഫ്രെയിമിൽ

Friday 03 October 2025 2:31 AM IST

ആലപ്പുഴ: നീളൻ ജുബ്ബയും പാന്റും ധരിച്ച്, തോളിൽ ക്യാമറാ ബാഗും തൂക്കി ഇലക്ട്രിക് സ്കൂട്ടറിൽ വേദികളായ വേദികളിലെല്ലാം ഓടിയെത്തിയിരുന്ന ഫോട്ടോഗ്രാഫർ മോഹനൻ പരമേശ്വരനെ (62) അറിയാത്ത ആലപ്പുഴക്കാർ ചുരുക്കമായിക്കും. പ്രതിഛായ സ്റ്റുഡ‌ിയോയുടെ ഭാഗമായിരിക്കുന്ന കാലത്ത് തന്നെ വിവിധ മാദ്ധ്യമങ്ങൾക്ക് വേണ്ടി ചിത്രങ്ങൾ പകർത്തിയിരുന്ന മോഹനൻ 2007 മുതലാണ് സ്ഥിരം പ്രസ് ഫോട്ടോഗ്രാഫറായത്.

എൺപതുകളുടെ തുടക്കത്തിൽ കൈയിലെടുത്തതാണ് ക്യാമറ. ഏത് ചടങ്ങിന് ഫോട്ടോയെടുക്കാൻ വിളിച്ചാലും പോകുന്ന പതിവ് വിയോഗത്തിന് നാല് ദിവസം മുമ്പ് വരെയും മുടക്കാതെ തുടർന്നു. അതിൽ ആലപ്പുഴക്കാരായ പ്രമുഖ സാഹിത്യ - സിനിമ - രാഷ്ട്രീയ നായകർ ഫ്രെയിമുകളായി മാറി. വിഖ്യാത സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ അപൂർവ ചിത്രങ്ങളുടെ ശേഖരം അദ്ദേഹം നിധി പോലെയാണ് കാത്തുസൂക്ഷിച്ചിരുന്നത്. ജില്ലയിലെ എല്ലാ കർമ്മമണ്ഡലങ്ങളിലുള്ളവരും മോഹനന്റെ സുഹൃത്തുക്കളായിരുന്നു. ഫോട്ടോഗ്രഫി പോലെ തന്നെ അദ്ദേഹം ഹൃദയത്തോട് ചേർത്ത് വെച്ചവയായിരുന്നു ചിത്രകലയും കരകൗശലവും. ഒഴിവുവേളകളിലെല്ലാം കരകൗശല നിർമ്മാണത്തിലേർപ്പെടുന്നതും, അവ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കുന്നതും അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു. ചിരട്ടയിൽ സ്വയം നിർമ്മിച്ച ഗ്ലാസിലായിരുന്നു ചായ കുടിച്ചിരുന്നത്. ആലപ്പുഴയിലേക്ക് വിവിധ തലമുറകളിലെ ഫോട്ടോഗ്രാഫർമാർ മാറി മാറി എത്തിയപ്പോഴും, മാറ്റമില്ലാതെ എല്ലാവർക്കും ഗുരുസ്ഥാനീയനായി മോഹനൻ ഒപ്പം നിന്നു. സ്വതസിദ്ധമായ തമാശകളും ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം പങ്കുവെച്ചിരുന്ന മോഹനൻ പ്രായത്തിൽ മുതിർന്നവർക്ക് പോലും മോഹനേട്ടനായിരുന്നു. പലതവണ ഹൃദയം അപായ സൂചനകൾ നൽകിയപ്പോഴും, അതിനെയെല്ലാം മറികടന്ന് അത്ഭുതകരമായി അദ്ദേഹം ജീവിതത്തിലേക്ക് തിരികെയെത്തിയിരുന്നു. പക്ഷേ നാല് ദിവസം മുമ്പുണ്ടായ ഹൃദയാഘാതം മറികടക്കാൻ മോഹനനെ സ്നേഹിച്ചവരുടെ പ്രാർത്ഥനകൾക്കായില്ല. പ്രിയപ്പെട്ട മോഹനേട്ടന്റെ അന്ത്യയാത്രയ്ക്കായി ജുബ്ബ തയ്പ്പിക്കാനെത്തിയ ഫോട്ടോഗ്രാഫർമാരായ സുഹൃത്തുക്കളുടെ കൈകളിലേക്ക് മോഹനന്റെ സ്ഥിരം തയ്യൽക്കാരൻ വെച്ചുനീട്ടിയത് മോഹനൻ അളവ് നൽകി തയ്പ്പിച്ചുവെച്ചിരുന്ന ഇഷ്ട ജുബ്ബയാണ്. നീളൻ ജുബ്ബയുടെ പോക്കറ്റിൽ ഒരുപിടി മിഠായികളും കരുതി പ്രിയപ്പെട്ടവർക്ക് സമ്മാനിച്ചിരുന്ന മോഹനൻ ഇനി ഓർമ്മകളുടെ ഫ്രെയിമിൽ ചേക്കേറും.