അറിയിക്കാതെ വിരൽ മുറിച്ചു മാറ്റിയെന്ന് രോഗിയുടെ കുടുംബം

Friday 03 October 2025 2:34 AM IST

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണവുമായി രോഗിയുടെ ബന്ധുക്കൾ. രോഗിയുടെ വിരലുകൾ മുറിച്ചത് അറിയിച്ചില്ലെന്നാണ് ബന്ധുക്കളുടെ പരാതി. കുത്തിയതോട് മുഖപ്പിൽ വീട്ടിൽ പരേതനായ കോയയുടെ ഭാര്യ സീനത്തിന്റെ (58) കുടുംബമാണ് ആശുപത്രി സൂപ്രണ്ടിനും, ഡി.എം.ഇക്കും പരാതി നൽകിയത്. ബന്ധുക്കൾ പറയുന്നത് : കഴിഞ്ഞ 27ന് കാലിൽ മുറിവുമായി ആശുപത്രിയിൽ ചികിത്സ തേടിയ സീനത്തിനെ എട്ടാം വാർഡിൽ പ്രവേശിപ്പിച്ചു. 29ന് വാർഡിൽ നിന്ന് കാൽ ഡ്രസ്സു ചെയ്യുവാനായി അത്യാഹിത വിഭാഗത്തിനോട് ചേർന്നുള്ള മുറിയിലേക്ക് കൊണ്ടുപോയി .രണ്ടു മൂന്നു മണിക്കൂറിനുശേഷം കാലിൽ വെച്ചു കെട്ടുമായാണ് തിരികെ വാർഡിൽ കൊണ്ടുവന്നത്. രണ്ടുദിവസം കഴിഞ്ഞ് കെട്ട് അഴിച്ചപ്പോൾ 2 വിരലുകൾ മുറിച്ചതായി കാണപ്പെട്ടു. വലതുകാലിലെ നടുവിരലും ചൂണ്ടുവിരലുമാണ് മുറിച്ചുമാറ്റിയത്. എന്നാൽ വിരൽ മുറിക്കുന്ന കാര്യം ഡോക്ടർമാർ തങ്ങളോട് പറഞ്ഞില്ലെന്നാണ് സീനത്തിന്റെ മക്കൾ പറയുന്നത്. മക്കളായ സിയാദും, തസ്നിയും സീനത്തിന്റെ ഒപ്പം ഉണ്ടായിരുന്നു. പരാതി സ്വീകരിച്ച സൂപ്രണ്ട് അന്വേഷണത്തിനായി ഡോക്ടർമാരുടെ നാലംഗസംഘത്തെ ചുമതലപ്പെടുത്തി.ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.തോമസ് കോശി, ആർ.എം.ഒ പി.എൽ.ലക്ഷ്മി, ഓർത്തോ വിഭാഗം എച്ച്.ഒ.ഡി ഡോ.വിനോദ് കുമാർ, ഫോറൻസിക് വിഭാഗം മേധാവി ഡോ. ഷാരിജ എന്നിവരാണ് അന്വേഷണം നടത്തുക.