വഴി തരൂ സാർ.... ഇതൊ‌രു യൂണിവേഴ്സിറ്റിയാണ്

Friday 03 October 2025 3:33 AM IST

ദേശീയപാത വികസനത്തിന് നൂറേക്കർ സ്ഥലം വിട്ടുകൊടുത്ത സ്ഥാപനമാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി. എന്നാൽ ആറുവരിപ്പാതയുടെ നിർമ്മാണം പൂർത്തിയാകാറായപ്പോൾ യൂണിവേഴ്സിറ്റിയിലേക്ക് എത്താൻ കിലോമീറ്ററുകൾ അനാവശ്യമായി സഞ്ചരിക്കേണ്ട സ്ഥിതിയായി. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം ആസ്ഥാനമായാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രവർത്തിക്കുന്നത്. എൻ.എച്ച് 66നോട് സ്ഥിതി ചെയ്യുന്ന യൂണിവേഴ്സിറ്റിയിലേക്ക് മതിയായ എൻട്രി, എക്സിറ്റ് പോയിന്റുകളില്ലാത്തതാണ് വിനയായത്. സർവകലാശാലയുടെ മുമ്പിലൂടെ കടന്നുപോകുന്ന നാഷണൽ ഹൈവേയുടെ പ്രവൃത്തി ഏകദേശം പൂർത്തിയായപ്പോഴാണ് യാത്രാദുരിതത്തിന്റെ പ്രശ്നം നാട്ടുകാരും അറിഞ്ഞു തുടങ്ങിയത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ഉൾപ്പെടെ ദിനംപ്രതി ആയിരങ്ങളെത്തുന്ന യൂണിവേഴ്സിറ്റിയിൽ എക്സിറ്റ് പോയന്റ് നൽകാത്തത് വിദ്യാർത്ഥികളെയും ജീവനക്കാരെയും ബുദ്ധിമുട്ടിക്കുകയാണ്.

വേണ്ടത്

അടിയന്തര നടപടി

ദേശീയപാത ഡിസെെനിംഗിലെ അശാസ്ത്രീയതയാണ് പ്രശ്നത്തിന് കാരണമെന്നാണ് വിലയിരുത്തൽ. കാലിക്കറ്റ് യൂണിവേഴ്സിറ്റി പോലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമുള്ളിടത്ത് മതിയായ എൻട്രി, എക്സിറ്റ് പോയിന്റുകൾ സ്ഥാപിച്ച് എൻട്രി, എക്സിറ്റ് പോയിന്റുകൾ സ്ഥാപിച്ച് ഗതാഗത പ്രശ്നം പരിഹരിക്കണമെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനെെസേഷൻ ഉൾപ്പെടെ ആവശ്യപ്പെടുന്നത്. ഇതിനായി യൂണിവേഴ്സിറ്റി പരിധിയിൽ വരുന്ന ജില്ലകളിലെ എം.പിമാർ അടക്കമുള്ള ജനപ്രതിനിധികളെയും ദേശീയപാത അതോറിറ്റി അധികൃതരെയുമൊക്കെ കണ്ടെങ്കിലും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല. പ്രശ്നം പരിഹരിക്കാം, നോക്കാം എന്നൊക്കെ പതിവ് ശെെലിയിലുള്ള മറുപടിയാണ് ലഭിക്കുന്നതത്രെ.

കാലിക്കറ്റ് യൂണവേഴ്സിറ്റി പരിസരത്തെ മാത്രം പ്രശ്നമല്ല ഇത്. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പലയിടത്തുമുണ്ട് സമാനമായ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. നിർമ്മാണം പൂർത്തിയായി ഗതാഗതം തുടങ്ങിയപ്പോഴാണ് പലയിടത്തും പ്രശ്നങ്ങൾ തലപൊക്കിയത്. നിർമ്മാണത്തിന് മുമ്പ് പര്യാപ്തമായ രീതിയിൽ ശാസ്ത്രീയ പഠനം നടക്കാത്തതാണ് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാനത്ത് ഇപ്പോഴും പലയിടത്തെയും പ്രശ്നങ്ങൾ പരിഹരിച്ചുവരികയാണ്. അണ്ടർപാസും മേൽപ്പാലവും വരെ നിർമ്മിച്ചുവരുന്നുമുണ്ട്. സമാനസ്ഥിതി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും ഉണ്ടാകരുതെന്നാണ് അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ആവശ്യം. കണ്ണു തുറക്കാത്തവർ ഇനിയെങ്കിലും തുറക്കുമെന്ന പ്രതീക്ഷയിലാണ് അവർ.

1968 ൽ സ്ഥാപിതമായ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഉത്തര കേരളത്തിൽ സ്ഥാപിതമായ ആദ്യത്തെ സർവകലാശാലയാണെന്ന സവിശേഷതയുമുണ്ട്. അന്നത്തെ കേരള മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ പ്രോത്സാഹനത്തോടെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ ശ്രമഫലമായാണ് സർവകലാശാല നിലവിൽ വന്നത്. നാലു ജില്ലകളിലും രണ്ടു താലൂക്കിലുമായി 450 കോളേജുകളും 6 ലക്ഷത്തിലധികം വിദ്യാർത്ഥികളുമാണ് കാലിക്കറ്റ്‌ സർവകലാശാലയ്ക്കു കീഴിലുള്ളത്. 550 ഏക്കർ ഭൂമിയിലാണ് ഈ സ്ഥാപനം നിലകൊള്ളുന്നത്. കേരളത്തിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുമുള്ള ഗവേഷണ വിദ്യാർത്ഥികളുമുണ്ടെന്നതും സവിശേഷതയാണ്. ഇവിടേക്ക് എത്താൻ ഇവർക്കെല്ലാം ആശ്രയം ദേശീയപാതയാണ്. എന്നാൽ പുതിയ നാഷണൽ ഹൈവേ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ യൂണിവേഴ്സിറ്റിയിലേക്കുള്ള സുഗമമായ യാത്രയ്ക്ക് വിലങ്ങുതടിയാകുന്നു. തൃശൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് സർവകലാശാലയിലേക്ക് പ്രവേശിക്കാൻ വെളിമുക്കിനും പടിക്കലിനും ഇടയിലായാണ് എക്സിറ്റുള്ളത്. ഇതുകഴിഞ്ഞാൽ പിന്നെ സർവകലാശാല കഴിഞ്ഞുള്ള കാലിക്കറ്റ് എയർപോർട്ട് ഹൈവേ എക്സിറ്റ് പോയിന്റ് മാത്രമാണുള്ളത്. ഈ രണ്ട് എക്സിറ്റ് പോയിന്റുകൾ തമ്മിലുള്ള ദൂരം ആറുകിലോമീറ്ററാണ്. അതുപോലെ തന്നെ യൂണിവേഴ്സിറ്റിയിൽ നിന്നു തിരിച്ചു പോകുന്നവർക്ക് പുതുതായി നിർമ്മിക്കപ്പെട്ട റോഡിലൂടെ ഹൈവേയിലേക്ക് എൻട്രിയുമില്ല. ദേശീയപാത വഴി സർവകലാശാലയിലേക്ക് വരുന്ന വാഹനങ്ങൾ ചേളാരി എൻ.എച്ച് എക്സിറ്റ് പോയിന്റിൽ നിന്ന് സർവീസ് റോഡിൽ ഇറങ്ങി അഞ്ചുകിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമേ സർവകലാശാല ക്യാമ്പസിൽ പ്രവേശിക്കാൻ സാധിക്കൂ. കേരളത്തിലെ പ്രധാന സർവകലാശാലയിലേക്ക് പ്രവേശിക്കാൻ സർവകലാശാല കേന്ദ്രീകരിച്ച് ഹൈവേയിൽ നിന്ന് എക്സിറ്റും എൻട്രിയും ഇല്ലാത്തത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഹൈവേ വികസനത്തിനായി പിന്തുണയുമായി സ്ഥലം വിട്ടുകൊടുത്ത സർവകലാശാലയ്ക്കാണ് ഈ ദുരവസ്ഥ അനുഭവിക്കേണ്ടി വന്നിട്ടുള്ളത്.

നിർദ്ദേശമുണ്ട്:

പക്ഷേ, പരിഗണിക്കണം

പ്രശ്നം പരിഹരിക്കാൻ ചില നിർദ്ദേശങ്ങളും യൂണിവേഴ്സിറ്റി ജീവനക്കാരും മുന്നോട്ടു വയ്ക്കുന്നുണ്ട്. കോഹിനൂർ ഭാഗത്തെ ടീച്ചേഴ്സ് ഫ്ലാറ്റ് പരിസരത്ത് എക്സിറ്റ് പോയിന്റ് അനുവദിച്ചാൽ എയർപോർട്ട് അടക്കമുള്ള പ്രദേശങ്ങളിലേക്ക് പോകാൻ യൂണിവേഴ്സിറ്റി ഓവർ ബ്രിഡ്ജ് വഴി സാധിക്കും. പൊന്നാനി മുതൽ രാമനാട്ടുകര വരെയുള്ള റീച്ചിൽ 1.5 കിലോമീറ്റർ ദൂരത്ത് പ്രാധാന്യമില്ലാത്ത സ്ഥലത്തു പോലും എക്സിറ്റ് പോയന്റ് നൽകിയിട്ടുണ്ട്. കോഹിനൂർ ടീച്ചേഴ്സ് ഫ്ലാറ്റ് പരിസരഭാഗത്ത് ഹൈവേയിൽ നിന്ന് സർവീസ് റോഡിലേക്ക് എക്സിറ്റ്, യൂണിവേഴ്സിറ്റിയിൽ നിന്ന് ഹൈവേയിലേക്ക് ചെട്ടിയാർമാട് ഭാഗത്തേക്ക്‌ എൻട്രി എന്നിവ നൽകണമെന്നാണ് ആവശ്യം. ഈ ആവശ്യമുന്നയിച്ച് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്റ്റാഫ്‌ ഓർഗനൈസേഷൻ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തിട്ടുണ്ട്. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉദ്യോഗസ്ഥർ സംഘടനാ പ്രതിനിധികൾക്ക് ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും അത് ഒട്ടും വെെകരുതെന്നാണ് ആവശ്യം.