ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവും നടുവേദനയും തമ്മിൽ നേരിട്ട് ബന്ധമുണ്ടോ? ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്

Thursday 02 October 2025 10:39 PM IST

നാം സ്ഥിരമായി ഭക്ഷണത്തിന് രുചി പകരാൻ ഉപയോഗിക്കുന്ന പദാർത്ഥമാണ് പഞ്ചസാര. ഇത് ശരീരത്തിന് വളരെയധികം ദോഷം ചെയ്യും എന്നത് പുതിയ അറിവല്ല. പഞ്ചസാരയുടെ അളവിലുണ്ടാകുന്ന വ്യതിയാനം ശരീരത്തിന്റെ ഊർജനിലയെ ബാധിക്കുകയും പൊണ്ണത്തടി, പ്രമേഹം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഈ രണ്ട് രോഗങ്ങളും ഇന്ന് ഏറ്റവും അധികം ആളുകളിൽ കാണപ്പെടുന്നത് രോഗസാദ്ധ്യതയുടെ തോത് വ്യക്തമാക്കുന്നു. എന്നാൽ അമിതമായ പ‌ഞ്ചസാര ഉപഭോഗം വേറെ പല രോഗങ്ങൾക്കും കാരണമാകുന്നുണ്ട്.

ഇല്ലിനോയിസ് ബാക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ന്യൂറോ സർജൻ ഡോ.ജെഫ് വിന്റർഹൈമർ ഡി.സിയുടെ അഭിപ്രായത്തിൽ അമിതമായ പഞ്ചസാര ഉപഭോഗം നടുവേദനയുള്ള വ്യക്തികളിൽ കൂടുതൽ ദോഷകരമാണ്. ''പഞ്ചസാര അടങ്ങിയ ഭക്ഷണക്രമം ശരീരഭാരം വർദ്ധിക്കുന്നതിനും പൊണ്ണത്തടിക്കും കാരണമാകുന്നു. ഇത് നട്ടെല്ലിന് കൂടുതൽ സമ്മർദ്ദം നൽകുകയും ശരീരഭാരം കൂട്ടുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറയുന്നു.

ഉയർന്ന അളവിൽ പഞ്ചസാര കഴിക്കുന്നത് വിട്ടുമാറാത്ത ശരീരവീക്കത്തിന് കാരണമാകുമെന്നും ഇത് വേദനയും അസ്വസ്ഥതയും വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ''ടൈപ്പ് 2 പ്രമേഹം പോലുള്ള അവസ്ഥകളുടെ വികാസത്തിന് പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും കാരണമാകും. ഇത് നാഡികൾക്ക് കേടുപാടുകൾ വരുത്തുകയും നടുവേദന കൂടുതൽ തീവ്രമാക്കുകയും ചെയ്യും''. ഡോ. വിന്റർഹൈമർ ഇൻസ്റ്റഗ്രാമിലെ പോസ്റ്റിൽ കുറിച്ചു.