കുമ്മിയിൽ മാലിന്യമേറിന് അറുതിയില്ല, കരമനയാർ മലിനമാവുന്നു

Friday 03 October 2025 1:00 AM IST

നെടുമങ്ങാട്: ആയിരങ്ങൾ കുടിനീരിനായി ആശ്രയിക്കുന്ന കരമനയാറിനെ മലിനമാക്കി അരുവിക്കര കുമ്മി മേഖലയിൽ മാലിന്യം തള്ളൽ വ്യാപകമാകുന്നു. ഇരുമ്പയിൽ നിന്നും അരുവിക്കരയിലേക്ക് പോകുന്ന റോഡിൽ ആളൊഴിഞ്ഞ വളവുകളിലാണ് മാംസാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഉൾപ്പെടെ തള്ളുന്നത്. പ്ലാസ്റ്റിക് ചാക്കുകളിലും കവറുകളിലും നിറച്ചു കൊണ്ടുവരുന്ന മാലിന്യങ്ങൾ രാത്രികാലങ്ങളിലാണ് വാഹനങ്ങളിലെത്തിച്ച് വലിച്ചെറിയുന്നത്. ഇതേസമയം,കോഴിവേസ്റ്റ് ഉൾപ്പെടെയുള്ള ഇറച്ചിമാലിന്യങ്ങൾ പകൽസമയത്ത് പരസ്യമായി വലിച്ചെറിയുന്ന സംഘങ്ങളും പെരുകുന്നുണ്ട്. കാടുപിടിച്ചുകിടക്കുന്ന കുമ്മി പ്രദേശം പകലും വിജനമാണ്. ഇതുമറയാക്കിയാണ് മാലിന്യനിക്ഷേപം വ്യാപകമായിരിക്കുന്നത്. പേരൂർക്കട,വട്ടിയൂർക്കാവ്, കരകുളം, കാച്ചാണി എന്നിവിടങ്ങളിലുള്ളവർ അരുവിക്കര, വെള്ളനാട് എന്നിവിടങ്ങളിൽ എളുപ്പത്തിൽ എത്തിച്ചേരാൻ യാത്ര ചെയ്യുന്ന പ്രധാന റോഡാണിത്. മാലിന്യങ്ങൾ തിന്നാനെത്തുന്ന തെരുവുനായ്ക്കൾ കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും ഭീഷണിയാണ്. അരുവിക്കര പഞ്ചായത്ത് അധികൃതർ ഈ മേഖല പലപ്രാവശ്യം ശുചീകരിച്ചെങ്കിലും മാലിന്യം വലിച്ചെറിയൽ തുടരുകയാണ്.

വഴിനടക്കാനാകാതെ

നഗരപ്രദേശങ്ങളിലെ ഹോട്ടലുകൾ, ഇറച്ചിക്കടകൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ വാഹനങ്ങളിൽ കൊണ്ടുവന്ന് അരുവിക്കര, കരകുളം പഞ്ചായത്തുകളിലെ ഗ്രാമീണ മേഖലകളിൽ തള്ളുകയാണ്. കഴിഞ്ഞയാഴ്ച ആറ്റുകാലിനു സമീപം മണക്കാടുള്ള ഒരു റസിഡന്റ്സ് അസോസിയേഷന്റെ ആഘോഷപരിപാടികൾക്കു ശേഷം ഭക്ഷണാവശിഷ്ടങ്ങൾ അടക്കമുള്ള മാലിന്യങ്ങൾ ഇരുമ്പയിലെ റോഡരികിൽ തള്ളിയിരുന്നു.ബന്ധപ്പെട്ടവരിൽ നിന്ന് പിഴ ഈടാക്കുമെന്നും പ്രദേശം ശുചീകരിക്കുമെന്നും അധികൃതർ നൽകിയ ഉറപ്പ് പാഴായതായി പരാതി ഉയർന്നിട്ടുണ്ട്.

ജലം മലിനമാക്കുന്നു

മഴപെയ്യുമ്പോൾ കെട്ടിക്കിടക്കുന്ന മാലിന്യങ്ങളിൽ നിന്നും മലിനജലം സമീപത്തെ കരമന ആറ്റിലേക്ക് ഒലിച്ചിറങ്ങുന്നത് സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കാൻ ഇടയാക്കുമെന്ന ആശങ്കയിലാണ് തീരവാസികൾ. മാലിന്യങ്ങൾ തെരുവുനായ്ക്കളും കടിച്ചുവലിച്ച് ആറ്റിലേക്കിടുന്നുണ്ട്. ഇതും ജലം മലിനമാവാൻ കാരണമാകുന്നുണ്ട്. കുമ്മിയിൽ മാലിന്യം തള്ളുന്ന പ്രദേശങ്ങളിൽ സി.സി.ടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.