കണ്ണൂരിൽ ബി.ജെ.പി നേതാവിന്റെ വീടിനുനേരെ ബോംബേറ്
കല്യാശ്ശേരി( കണ്ണൂർ): ചെറുകുന്നിൽ ബി.ജെ.പി കല്യാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി വിജു നാരായണന്റെ വീടിന് നേരെ അജ്ഞാതർ ബോംബെറിഞ്ഞു. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് സംഭവം. വീടിന്റെ മുൻവശത്തെ ജനൽചില്ലുകൾ തകർന്നു. തൂണിനും സൺഷേഡിനും കേടുപാടുണ്ടായി. തറയിലെ ടൈലുകൾ ചിതറി. ബോംബിന്റെ അവശിഷ്ടങ്ങൾ വീട്ടുപരിസരത്ത് കണ്ടെത്തിയിട്ടുണ്ട്.കണ്ണപുരം പോലീസ് സ്ഥലത്തെത്തി. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
ബി.ജെ.പി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂർ നോർത്ത് ജില്ല പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.കണ്ണപുരം പൊലീസ് സ്റ്റേഷന് സമീപത്ത് നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ചെറുകുന്ന് തറയ്ക്ക് സമാപിച്ചു.സംസ്ഥാന സമിതി അംഗം ഇ.നാരായണൻ,ജില്ലാ വൈസ് പ്രസിഡന്റ്.ഗംഗാധരൻ കാളീ ശ്വരം, ബി.ജെ.പി നോർത്ത് ജില്ലാ സെക്രട്ടറി അർജുൻ മാവിലക്കണ്ടി , മണ്ഡലം പ്രസിഡന്റ് എം.പ്രകാശൻ,റജീവ് കല്യാശ്ശേരി, തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കാളികളായി.
സി.പി.എം വീടുകളിലേക്കും
ബോംബെറിയാനാകുമെന്ന്
ബി.ജെ.പി ജില്ലാപ്രസിഡന്റ് കല്യാശ്ശേരി: സി.പി.എം നേതാക്കളുടെ വീടുകളിലേക്ക് ബോംബ് എറിയാൻ തങ്ങൾക്ക് സാധിക്കുമെന്ന് ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് അർജ്ജുൻ മാവിലക്കണ്ടി.
പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്നയോഗത്തിലായിരുന്നു വിവാദ പ്രസംഗം. സി.പി.എം ബ്രാഞ്ച്, ലോക്കൽ, ഏരിയ സെക്രട്ടറിമാരെയും അവരുടെ മക്കൾ പഠിക്കുന്നത് എവിടെയാണെന്നും അറിയാമെന്ന് ഭീഷണി മുഴക്കി.