അഞ്ചാം വർഷവും പിന്നിട്ട് ഫാം ഫ്രഷ്, ഫ്രഷ് പച്ചക്കറിയുമായി വിജയഗാഥ തുടരുന്നു...

Friday 03 October 2025 12:43 AM IST

തൃശൂർ: ചെമ്പുക്കാവിലേക്ക് വരൂ... ഫാം ഫ്രഷ് പച്ചക്കറിയുമായി പോകൂ... തൃശൂർ കൃഷിഭവന് കീഴിലെ കർഷകക്കൂട്ടായ്മ നടത്തുന്ന ചെമ്പുക്കാവിലെ ആഴ്ചച്ചന്ത വിജയകരമായി അഞ്ചാം വർഷവും പിന്നിടുന്നു. 2020 ആഗസ്റ്റ് ഏഴ് മുതലുള്ള ആഴ്ചച്ചന്ത ഇപ്പോഴും ആഴ്ചയിൽ രണ്ടുദിവസം ചെമ്പുക്കാവിൽ നടക്കുന്നുണ്ട്. അഗ്രികൾച്ചറൽ കോംപ്ലക്‌സിൽ ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ചന്ത. രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ നീളുന്ന ചന്ത ചിലപ്പോൾ വൈകിട്ട് ഏഴ് വരെ പോലും പ്രവർത്തിക്കാറുണ്ട്. തൃശൂർ കൃഷിഭവന് കീഴിലുള്ള അറുപതോളം കർഷകരാണ് ഇവിടെ പച്ചക്കറി എത്തിച്ച് വിൽപ്പന ചെയ്യുന്നത്. പച്ചക്കറി മാത്രമല്ല, പഴം ഉൾപ്പെടെയുള്ളവയും വിൽപ്പനയ്ക്കുണ്ടാകും.

ഒരു കിലോ വിൽപ്പന ചെയ്താൽ അഞ്ചുരൂപ കർഷകക്കൂട്ടായ്മ ഈടാക്കുമെങ്കിലും മൊത്തവ്യാപാരികൾക്ക് നൽകുന്നതിനേക്കാൾ മികച്ച ലാഭം ലഭിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു. ആഴ്ചച്ചന്തയുടെ നടത്തിപ്പിനായി ആറോളം ജീവനക്കാരുണ്ട്. ഇവർക്ക് ശമ്പളം നൽകുന്നതിനായും മറ്റുമാണ് ഈടാക്കുന്ന തുക വിനിയോഗിക്കുക.

നടത്തറ മുതൽ അരണാട്ടുകര വരെയും ഒളരി, പൂത്തോൾ എന്നിവയ്ക്കിടയിലുമുള്ള തൃശൂരിലെ കൃഷിഭവന് കീഴിലെ കർഷകരാണ് കൂടുതലായും ചെമ്പുക്കാവ് ആഴ്ചച്ചന്തയിൽ പച്ചക്കറികൾ എത്തിക്കുന്നത്. മൃഗശാല, ജലസേചനവകുപ്പ് ഓഫീസ്, ലേബർ ഓഫീസ്, കെ.എസ്.എഫ്.ഇ എന്നിവിടങ്ങളിലേക്കെല്ലാം വരുന്നവരും സമീപവാസികളുമാണ് കൂടുതലായും ചെമ്പുക്കാവിലെ ചന്തയിൽ നിന്നും പച്ചക്കറി വാങ്ങാനെത്തുന്നത്.

ചന്തയിൽ എല്ലാമുണ്ട്

പച്ചമുളക്, പടവലം, ചുരയ്ക്ക, തക്കാളി, കയ്പക്ക, വള്ളിപ്പയർ, കുറ്റിപ്പയർ, കൂർക്ക, വാഴപ്പിണ്ടി, വാഴപ്പൂവ്, നാരങ്ങ, കോവയ്ക്ക, ലൂവിക്ക തുടങ്ങിയ നാടൻ ഇനങ്ങൾ മാത്രമല്ല ട്രാഗൺ ഫ്രൂട്ട്‌സ്, മാംഗോസ്റ്റിൻ, റംബുട്ടാൻ, ഗാംഗ് ഫ്രൂട്‌സ് എന്നിവയൊക്കെ ചന്തയിൽ വിൽപ്പനയ്ക്ക് എത്താറുണ്ട്. കഴിഞ്ഞ ചന്തയിൽ പ്രദേശവാസിയായ കർഷകൻ പൊതുവിപണിയിൽ ആയിരത്തിലേറെ വിലയുള്ള ഗാംഗ് ഫ്രൂട്‌സ് എത്തിച്ച് ആറുകിലോ വിൽപ്പന ചെയ്തിരുന്നു.

കർഷകന് മികച്ച വിലയും ഉപഭോക്താക്കൾക്ക് നല്ല പച്ചക്കറിയും ഉറപ്പാക്കുകയാണ് ആഴ്ചച്ചന്തയുടെ ലക്ഷ്യം. നല്ല നാടൻ പച്ചക്കറികളാണ് ഇവിടെ വിൽപ്പനയ്ക്ക് എത്തുന്നത്.

-പി.എ.വിശ്വനാഥൻ, സെക്രട്ടറി, ഫാം ഫ്രഷ് കൂട്ടായ്മ