സംവരണ നറുക്കെടുപ്പ് 13 മുതൽ: സ്ഥാനാർത്ഥികളെ നോട്ടമിട്ട് ചർച്ചകൾ സജീവം

Friday 03 October 2025 12:51 AM IST

തൃശൂർ: ത്രിതല പഞ്ചായത്തുകളുടെ വാർഡ് സംവരണ നറുക്കെടുപ്പ് 13 മുതൽ നടക്കാനിരിക്കെ സ്ഥാനാർത്ഥികളുടെ പ്രാഥമിക ചർച്ചകളിലേക്ക് കടന്ന് രാഷ്ട്രീയ പാർട്ടികൾ. വാർഡ് വിഭജനം പൂർത്തിയായാൽ ഉടൻ സ്ഥാനാർത്ഥികളെ രംഗത്തിറക്കാനുള്ള അണിയറ നീക്കങ്ങൾ സജീവമാണ്. ഒരോ വാർഡിലും വനിതകൾ, പട്ടികജാതി സംവരണം, ജനറൽ എന്നിങ്ങനെ ജനസമ്മിതിയുള്ള പ്രദേശിക നേതാക്കളെ ഒരോ പാർട്ടികളും നോട്ടമിട്ട് വച്ചിട്ടുണ്ട്. അതോടൊപ്പം പൊതുസമ്മതരിൽ കണ്ണുവച്ചുള്ള അണിയറ നീക്കങ്ങളും സജീവമാണ്. വോട്ടർ പട്ടിക പുതുക്കലിന് ഒരു അവസരം കൂടി ലഭിക്കുമെങ്കിലും ഇതിനകം തന്നെ പരമാവധി പേരെ ചേർത്ത് കഴിഞ്ഞു. വാർഡ് വിഭജനം വന്നതോടെ വാർഡുകളുടെ അതിർത്തികൾ സംബന്ധിച്ച് പ്രവർത്തകരിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. മൂന്നു മുന്നണികളും ബൂത്ത് തലത്തിലുള്ള പ്രവർത്തനം സജീവമാക്കി. സി.പി.എമ്മിന്റെ നേതൃത്വത്തിൽ ബ്രാഞ്ച് തലങ്ങളിൽ പാർട്ടി ക്ലാസുകളും സജീവമാണ്. കോൺഗ്രസും ബി.ജെ.പിയും മുൻ കാലങ്ങളിൽനിന്ന് വിത്യസ്തമായി താഴേതട്ടിലുള്ള പ്രവർത്തനം കൂടുതൽ സജീവമാക്കിയിട്ടുണ്ട്.

കോർപറേഷൻ നറുക്കെടുപ്പ് 18ന്

തൃശൂർ കോർപറേഷൻ സംവരണ വാർഡ് നറുക്കെടുപ്പ് 18ന് കൊച്ചിയിൽ നടക്കും. തൃശൂർ, കൊച്ചി കോർപറേഷനിലെ തിരഞ്ഞെടുപ്പാണ് നടക്കുക. നിലവിൽ മേയർ സ്ഥാനം ജനറലായതിനാൽ ഇത്തവണ സംവരണമായേക്കും. കോർപറേഷനിൽ ഒരു വാർഡ് കൂടിയിട്ടുണ്ട്. നിലവിൽ 55 വാർഡ് എന്നത് 56 ആകും. തിരുവമ്പാടി ഡിവിഷനാണ് പുതിയ വാർഡ്. കോർപറേഷനുകളിൽ സംവരണ വാർഡുകൾ നിശ്ചയിക്കുക അർബൻ ഡയറക്ടർമാരാണ്.

പഞ്ചായത്തുകളിൽ 13 മുതൽ

ഗ്രാമപഞ്ചായത്തുകളിൽ നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 16 വരെയാണ്. ബ്ലോക്ക് പഞ്ചായത്തുകളടേത് ഒക്ടോബർ 18നും ജില്ലാപഞ്ചായത്തിലേത് 21നും നടത്തും. മുനിസിപ്പാലിറ്റികളിലെ നറുക്കെടുപ്പ് ഒക്‌ടോബർ 16ന് അതതു ജില്ലകളിലെ തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ നടത്തും.