തരൂർ വിദേശകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷനായി തുടരും
Friday 03 October 2025 12:57 AM IST
ന്യൂഡൽഹി: ഭിന്നതകൾക്കിടയിലും ശശി തരൂർ എം.പിയെ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്റിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷനായി വീണ്ടും ശുപാർശ ചെയ്‌ത് കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് പാർലമെന്ററി പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ ശുപാർശയിന്മേൽ തരൂരിനെ അദ്ധ്യക്ഷനായി നിലനിറുത്തി ലോക്‌സഭാ സ്‌പീക്കർ ഓം ബിർള ഉത്തരവിറക്കി. ഒരു വർഷ കാലാവധിയുള്ള പാർലമെൻന്ററി സ്റ്റാന്റിംഗ് കമ്മിറ്റികൾ എല്ലാ സെപ്‌തംബറിലും പുനസംഘടിപ്പിക്കാറുണ്ട്. കേന്ദ്ര സർക്കാർ അനുകൂല നിലപാടുകളുടെ പേരിൽ പാർട്ടിക്കുള്ളിൽ ഒറ്റപ്പെട്ട തരൂരിനെ അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുമോയെന്ന് സംശയമുയർന്നിരുന്നു. കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമായ ജോൺ ബ്രിട്ടാസും കമ്മിറ്റിയിലുണ്ട്. സെപ്തംബർ 26 മുതൽ പുതിയ കമ്മിറ്റികൾ നിലവിൽ വന്നു.