വിജയ്‌ക്ക് ഇന്ന് നിർണായകം: കേസുകൾ ഇന്ന് കോടതി പരിഗണിക്കും ഡി.എം.കെയിൽ മുറുമുറുപ്പ് സ്റ്റാലിനെതിരെ വി.സി.കെ
ചെന്നൈ: കരൂർ ദുരന്തത്തിൽ വിജയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പട്ടുകൊണ്ടുള്ള ഹർജിയടക്കം ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും.
കേന്ദ്ര ഏജൻസി അന്വേഷിക്കമെന്ന് ആവശ്യപ്പെട്ടുള്ള ടി.വി.കെ ഹർജിയും കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ള ടി.വി.കെ ജനറൽ സെക്രട്ടറി ബുസി ആനന്ദിന്റെ മുൻകൂർ ജാമ്യ ഹർജിയും ഇതിൽപ്പെടും. കേസ് എടുക്കണമെന്ന് കോടതി ആവശ്യപ്പെടുകയും നിശിതമായി വിമർശിക്കപ്പെടുകയും ചെയ്താൽ അത് വിജയ്‌യുടെ രാഷ്ട്രീയഭാവിക്കു തന്നെ തിരിച്ചടിയാകും. വിജയ്‌ക്കെതിരെ കേസെടുക്കുകയും സർക്കാരിനെ വിമർശിക്കുകയും ചെയ്താൽ അത് വിജയ്‌ക്കും സർക്കാരിനു തിരിച്ചടിയാകും. മറ്റ് രണ്ടു കേസുകളിൽ ടി.വി.കെയുടെ ആവശ്യം തള്ളിയാലും വിജയ്‌ക്ക് തിരിച്ചടിയാണ്.
അതിനിടെ, സർക്കാർ വിജയ്‌ക്കെതിരെ കേസ് ചാർജ്ജ് ചെയ്യാത്തതിൽ ഡി.എം.കെ മുന്നണിക്കകത്ത് അസ്വാരസ്യം പുകയുന്നു. കേസെടുക്കേണ്ട എന്ന തീരുമാനം എം.കെ.സ്റ്റാലിന്റേതാണെങ്കിലും അതിൽ സംസ്ഥാന നേതാക്കൾക്കും എതിർപ്പുണ്ട്. മുന്നണിയിലെ പ്രധാന ഘടകകക്ഷികളിലൊന്നായ വി.സി.കെ പ്രസിഡന്റ് പരസ്യമായി സ്റ്റാലിന്റെ നിലപാടിനെതിരെ രംഗത്തുവരികയും ചെയ്തു.
വിജയ്‌ക്കെതിരെ കേസെടുക്കണമന്ന് ആവശ്യപ്പെട്ട് ചെന്നൈ സ്വദേശിയായ പിഎച്ച് ദിനേശ് ആണ് ഹർജി നൽകിയത്. രാഷ്ട്രീയകാരണങ്ങളാൽ കേസെടുക്കുന്നതിൽ നിന്നും വിജയ്‌യെ ഒഴിവാക്കിയെന്ന് ഹർജിക്കാരൻ പറയുന്നു. ഹർജി ഇന്ന് ജസ്റ്റിസ് എൻ സെന്തിൽകുമാർ പരിഗണിക്കും. 7 മണിക്കൂർ ജനക്കൂട്ടം കാത്തുനിന്നത് വിജയ് കാരണമാണ്. ഉച്ചയ്ക്ക് 12ന് വരുമെന്ന് തെറ്റിദ്ധരിപ്പിച്ചു. വിജയ് വെള്ളക്കുപ്പികൾ വലിച്ചെറിഞ്ഞതും അപകടത്തിനു കാരണമായെന്നും ഹർജിക്കാരൻ പറയുന്നു. സംഭവത്തിൽപരിക്കേറ്റവരിൽ ഒരാൾ നൽകിയ ഹർജിയും ഇന്ന് പരിഗണിച്ചേക്കും. വിജയ് രാഷ്ട്രീയപരിപാടികൾ രണ്ടാഴ്ചത്തേത്ത് നിറുത്തിയിരിക്കുകയാണ്.
വിജയ്‌യും ഡി.എം.കെയും തമ്മിൽ രഹസ്യഇടപാടോ?
ടി.വി.കെ ജനറൽ സെക്രട്ടറി ആനന്ദിനെതിരെ കേസെടുത്ത പൊലീസ് എന്തുകൊണ്ട് വിജയ്‌ക്കെതിരെ കേസെടുത്തില്ലെന്ന് വി.സി.കെ പ്രസിഡന്റ് തിരുമാളവൻ.
പൊലീസ് വിജയ്‌ക്ക് സംരക്ഷണം നൽകുന്നു. വിജയും ഡി.എം.കെയും തമ്മിൽ രഹസ്യബന്ധമുണ്ടോ? ബി.ജെ.പിയും ഡി.എം.കെയും തമ്മിൽ ഒരു ഇടപാട് ഉണ്ടെന്ന് അവർ (ടി.വി.കെ) പറയുന്നതുപോലെ നമുക്ക് ഇത് പറയാൻ കഴിയുമോ? തമിഴ്നാട് പോലീസിന്റെ മനോഭാവം നല്ലതല്ല,' അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു.
തിരുമാളവന്റെ ആരോപണങ്ങളെ ഡി.എം.കെ വക്താവ് ഇളങ്കോവൻ തള്ളി. 'ഒരു ഏകാംഗ കമ്മീഷൻ രൂപീകരിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം നടത്തുകയാണ്. റിപ്പോർട്ട് പുറത്തുവന്നതിനുശേഷം മാത്രമേ ആരാണ് കുറ്റക്കാരെന്ന് തീരുമാനിക്കാനും നടപടിയെടുക്കാനും കഴിയൂ.- അദ്ദേഹം പറഞ്ഞു.
ആയുധപൂജാ വിവാദത്തിൽ ടി.വി.കെ
41 മരണം ഉണ്ടായി അഞ്ചാം അഞ്ചാം നാൾ വിജയ്‌യുടെ പനയൂരിലെ വസതിയിൽ ആയുധപൂജ നടന്നുവെന്ന റിപ്പോർട്ടുകൾ വിവാദമായി. ദുരന്ത സ്ഥലത്തു വിജയ്‌യോ മറ്റ് നേതാക്കളോ സന്ദർശിക്കാതിരിക്കുന്നതു തന്നെ ചർച്ചയായപ്പോഴാണ് ആഘോഷം നടന്നുവെന്ന വാർത്തകൾ തമിഴ് മാദ്ധ്യമങ്ങൾ പുറത്തുവിട്ടത്. ടി.വി.കെ ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല