 കറൻസിയിൽ ഭാരതാംബ ആർ.എസ്.എസ് ശതാബ്ദിയിൽ 100 രൂപ നാണയം പുറത്തിറക്കി

Friday 03 October 2025 1:01 AM IST

ന്യൂഡൽഹി: ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭാരതാംബയുടെ ചിത്രം ആലേഖനം ചെയ്ത 100 രൂപയുടെ നാണയം പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദ്യമായാണ് ഇന്ത്യൻ കറൻസിയിൽ ഭാരതാംബയുടെ ചിത്രം ഉൾപ്പെടുത്തുന്നത്. ഡൽഹിയിലെ അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രത്യേക സ്റ്റാമ്പും പുറത്തിറക്കി.

100 രൂപ നാണയത്തിന്റെ ഒരു വശത്ത് ദേശീയചിഹ്നവും മറുവശത്ത് വരമുദ്ര‌യിൽ സിംഹത്തോടുകൂടിയ ഭാരതാംബയുടെ ചിത്രവുമാണുള്ളത്. സ്വയംസേവകർ ഭാരതാംബയെ പ്രണമിക്കുന്നതായും ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. 'രാഷ്ട്രായ സ്വാഹാ, ഇദം രാഷ്ട്രായ, ഇദം ന മമ" (എല്ലാം രാഷ്ട്രത്തിനായി സമർപ്പിക്കുന്നു, എല്ലാം രാഷ്ട്രത്തിന്റേതാണ്, ഒന്നും എന്റേതല്ല)​ എന്ന ആർ.എസ്.എസ് മുദ്രാവാക്യം നാണയത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഭാരതാംബയുടെ ചിത്രം കറൻസിയിൽ ഇടംപിടിക്കുന്നത് അഭിമാന നിമിഷമാണെന്ന് മോദി പറഞ്ഞു.

1963ലെ റിപ്പബ്ലിക് ദിന പരേഡിൽ ആർ.എസ്.എസ് സ്വയംസേവകർ പങ്കെടുത്തത് ചിത്രീകരിച്ച തപാൽ സ്റ്റാമ്പാണ് പുറത്തിറക്കിയത്. രാഷ്ട്രത്തെ സേവിക്കുകയും സമൂഹത്തെ ശാക്തീകരിക്കുകയും ചെയ്യുന്ന ആർ.എസ്.എസ് സ്വയംസേവകരുടെ അചഞ്ചലമായ സമർപ്പണത്തെ പ്രതിഫലിപ്പിക്കുന്നതാണ് സ്റ്റാമ്പെന്ന് മോദി പറഞ്ഞു. ആർ.എസ്.എസിന്റെ നൂറുവർഷത്തെ യാത്ര ത്യാഗത്തിന്റെയും സേവനത്തിന്റേതുമാണ്. സ്ഥാപിതമായത് മുതൽ ആർ.എസ്.എസ് രാഷ്ട്രനിർമ്മാണത്തിൽ ശ്രദ്ധ നൽകുന്നു. 'രാഷ്ട്രം ആദ്യം" എന്ന തത്വത്താലും 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം" എന്ന ലക്ഷ്യത്താലുമാണ് ആർ.എസ്.എസ് നയിക്കപ്പെടുന്നതെന്നും മോദി പറഞ്ഞു.

ഭരണഘടനയെ അപമാനിക്കുന്നു:

പ്രതിപക്ഷം

ആർ.എസ്.എസിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി നാണയവും സ്റ്റാമ്പും പുറത്തിറക്കിയത് ഭരണഘടനയെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ആർ.എസ്.എസ് ഹിന്ദുത്വ രാഷ്ട്രത്തിന്റെ പ്രതീകമായി കാണുന്ന ഭാരതാംബയുടെ ചിത്രം രാജ്യത്തിന്റെ ഔദ്യോഗിക നാണയത്തിൽ ഉൾപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് സി.പി.എം പ്രതികരിച്ചു. ആർ.എസ്.എസ് പ്രവർത്തകർ റിപ്പബ്ലിക് പരേഡിൽ പങ്കെടുക്കുന്ന ചിത്രം ഉൾപ്പെടുത്തിയ സ്റ്റാമ്പ് ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതാണ്. ഇന്ത്യ-ചൈന യുദ്ധകാലത്ത് ദേശസ്‌നേഹത്തിന്റെ പേരിൽ 1963ലെ റിപ്പബ്ലിക് പരേഡിന് നെഹ്‌റു ആർ.എസ്.എസിനെ ക്ഷണിച്ചു എന്ന നുണയുടെ അടിസ്ഥാനത്തിലാണിത്. 1963ലെ പരേഡിന് ഒരുലക്ഷത്തിലേറെ ആളുകളാണെത്തിയത്. യൂണിഫോം ധരിച്ച ആർ.എസ്.എസുകാർ അതിലുണ്ടെങ്കിൽ അത് ആകസ്മികമാണെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി പറഞ്ഞു. സ്വാതന്ത്ര്യസമര കാലത്ത് ആർ.എസ്.എസ് പ്രവർത്തകർ ജയിലിൽ കിടന്നുവെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്തുവന്നു. ആർ.എസ്.എസുകാർ ബ്രിട്ടീഷുകാരെ സഹായിക്കുകയാണ് ചെയ്‌തെന്നും ആരും ജയിലിൽ പോയിട്ടില്ലെന്നും എക്സിൽ കുറിച്ചു. 'ദേശസ്‌നേഹികൾ സ്വാതന്ത്ര്യസമരത്തിന് പോകും, രാജ്യദ്രോഹികൾ സംഘിൽ ചേരും" എന്ന ചൊല്ല് ആർ.എസ്.എസ് രാജ്യത്തെ വഞ്ചിച്ചതിന്റെ തെളിവാണ്. സർദാർ പട്ടേൽ നിരോധിച്ച ഒരു സംഘടനയെ എങ്ങനെയാണ് ഇന്ന് ഇന്ത്യൻ സർക്കാർ ആദരിക്കുന്നതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ചോദിച്ചു.