സർ ക്രീക്കിൽ പാക് പ്രകോപനം, ഉണ്ടായാൽ കനത്ത തിരിച്ചടി, മുന്നറിയിപ്പ് നൽകി രാജ്‌നാഥ് സിംഗ്
ന്യൂഡൽഹി: ഗുജറാത്ത് അതിർത്തിയിലുള്ള സർ ക്രീക്ക് മേഖലയിൽ പാകിസ്ഥാൻ പ്രകോപനം സൃഷ്ടിച്ചാൽ കനത്ത തിരിച്ചടി നൽകുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.
കറാച്ചിയിലേക്കുള്ള ഒരു വഴി സർ ക്രീക്കിലൂടെയാണ് കടന്നുപോകുന്നതെന്ന് പാകിസ്ഥാൻ ഓർക്കണം
സർ ക്രീക്കിനോട് ചേർന്ന പ്രദേശങ്ങളിൽ പാകിസ്ഥാൻ സൈന്യം അടുത്തിടെ വികസനപ്രവർത്തങ്ങൾ നടത്തിയ പശ്ചാത്തലത്തിലാണ് പ്രതികരണം.
പ്രദേശത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും മാറ്റുന്നതായിരിക്കും ഇന്ത്യയുടെ മറുപടി.
വിജയദശമി ദിനത്തിൽ ഗുജറാത്തിലെ കച്ചിലെ ലക്കി നല സൈനിക കേന്ദ്രത്തിൽ ആയുധപൂജയിൽ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം ലഭിച്ച് 78 വർഷത്തിനുശേഷവും സർ ക്രീക്ക് മേഖലയിലെ അതിർത്തി തർക്കം പാകിസ്ഥാൻ തുടരുകയാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ചർച്ചകളിലൂടെ പരിഹാരം കാണാൻ ഇന്ത്യ പലതവണ ശ്രമിച്ചെങ്കിലും അവരുടെ ലക്ഷ്യവും ഉദ്ദേശ്യശുദ്ധിയും സംശയകരമാണ്.
1965ലെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം ലാഹോർ വരെ എത്തിയിരുന്നു. - അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ലേ മുതൽ സർ ക്രീക്ക് വരെയുള്ള ഇന്ത്യയുടെ പ്രതിരോധ സംവിധാനം തകർക്കാൻ പാകിസ്ഥാൻ വിഫല ശ്രമം നടത്തി. യുദ്ധമായിരുന്നില്ല, ഭീകരവാദത്തിനെതിരായ സൈനികനടപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യം. എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുകയും ചെയ്തു- രാജ്‌നാഥ് പറഞ്ഞു.
സർ ക്രീക്ക്
ഗുജറാത്തിലെ കച്ചിനും പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യക്കും ഇടയിൽ 96 കിലോമീറ്റർ ദൈർഘ്യമുള്ള ചതുപ്പുപ്രദേശമാണ് സർ ക്രീക്ക്. ബൻ ഗംഗ എന്നായിരുന്നു ആദ്യപേര്. അതിർത്തി തർക്കത്തിൽ ഇടപെട്ട ബ്രിട്ടീഷ് പ്രതിനിധി സർ ക്രീക്കിന്റെ പേര് പ്രദേശത്തിന് നൽകി. സർ ക്രീക്കിന്റെ മധ്യത്തിലൂടെയാണ് അതിർത്തിയെന്ന്
ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇന്ത്യയോട് ചേർന്നുള്ള കിഴക്കൻ തീരം അതിർത്തിയാക്കണമെന്നാണ് പാകിസ്ഥാൻ ആവശ്യപ്പെടുന്നത്.