നിയമങ്ങളും ചട്ടങ്ങളും ലംഘിക്കപ്പെടരുത്: മോഹൻ ഭാഗവത്
ന്യൂഡൽഹി: വൈവിദ്ധ്യമാർന്ന വിശ്വാസങ്ങളുള്ള നിരവധി ആളുകൾ ഒരു സമൂഹത്തിൽ ഒരുമിച്ച് ജീവിക്കുമ്പോൾ, ഇടയ്ക്കിടെ ചില ശബ്ദങ്ങളും കുഴപ്പങ്ങളും ഉണ്ടാകാമെന്നും എങ്കിലും നിയമങ്ങളും ചട്ടങ്ങളും ഐക്യവും ലംഘിക്കപ്പെടരുതെന്നും നാഗ്‌പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് നടന്ന 100-ാം വാർഷിക പരിപാടിയിൽ മോഹൻ ഭാഗവത് പറഞ്ഞു.
ഹിന്ദു ദേശീയത നമ്മളെ ഒരു നൂലിൽ ബന്ധിപ്പിക്കുന്നു. ഹൈന്ദവം, ഭാരതീയ, ആര്യ എന്നിവയെല്ലാം ഹിന്ദുവിന്റെ പര്യായങ്ങളാണ്. ശക്തവും ഏകീകൃതവുമായ ഹിന്ദു സമൂഹം രാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയും ഉറപ്പാക്കുന്നു.
യു.എസ് നടപ്പിലാക്കിയ പുതിയ തീരുവ സമ്മർദ്ദം സ്വയം പര്യാപ്‌തയിലൂടെ മറികടക്കാമെന്ന് ഭാഗവത് ചൂണ്ടിക്കാട്ടി. യു.എസിന്റെ ലക്ഷ്യം സ്വന്തം താത്‌പര്യങ്ങളാണ്. പരസ്പരാശ്രിത ലോകത്ത് രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ പ്രധാനമാണ്. ഒരു രാജ്യത്തിനും ഒറ്റപ്പെട്ട് നിലനിൽക്കാനാകില്ല. എന്നാൽ ആശ്രിതത്വം നിർബന്ധമായി മാറരുത്.
പഹൽഗാം ഭീകരാക്രമണത്തിന് സർക്കാരും സായുധ സേനയും ഉചിതമായ മറുപടി നൽകി. സർക്കാരിന്റെ സമർപ്പണവും സായുധ സേനകളുടെ വീര്യവും രാജ്യത്ത് ഐക്യമുറപ്പിച്ചു. സംഭവം ലോക വേദിയിൽ രാജ്യത്തിന്റെ യഥാർത്ഥ സുഹൃത്തുക്കളെ വെളിപ്പെടുത്തി.
സർക്കാർ ജനങ്ങളിൽ നിന്ന് അകലുമ്പോഴാണ് നേപ്പാളിലും ബംഗ്ളാദേശിലും സംഭവിച്ചതുപോലെ അക്രമാസക്തമായ പ്രക്ഷോഭങ്ങളുണ്ടാകുന്നത്. ഇത്തരം പ്രക്ഷോഭങ്ങൾ ഒരിക്കലും ലക്ഷ്യങ്ങൾ നേടിയ ചരിത്രമില്ലെങ്കിലും രാജ്യത്തിന് പുറത്തുള്ള ശക്തികൾക്ക് ഇടപെടാനുള്ള വേദി ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.