ഇന്ത്യ- ചൈന വിമാന സർവീസ് ഈമാസം മുതൽ
ന്യൂഡൽഹി: കൊവിഡും അതിർത്തി സംഘർഷവും കാരണം മുടങ്ങിയ നേരിട്ടുള്ള ഇന്ത്യ- ചൈന വിമാന സർവീസുകൾ ഈ മാസം പുനഃരാരംഭിക്കാൻ തീരുമാനം. 26 മുതൽ കൊൽക്കത്ത- ഗ്വാങ്‌ഷൂവ് നേരിട്ടുള്ള പ്രതിദിന വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ പ്രഖ്യാപിച്ചു. ഡൽഹിയിൽ നിന്നുള്ള സർവീസുകളും ഉടൻ തുടങ്ങും.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായി, നേരിട്ടുള്ള വിമാന സർവീസുകൾ പുനഃരാരംഭിക്കാനും പുതിയ വ്യോമസേവന കരാറിൽ ഏർപ്പെടാനും ധാരണയിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
2019ൽ ഇന്ത്യയ്‌ക്കും ചൈനയ്‌ക്കുമിടയിൽ നേരിട്ടുള്ള 539 വിമാന സർവീസുകളുണ്ടായിരുന്നു. കൊവിഡ് കാലത്ത് നിലച്ച സർവീസുകൾ പിന്നീടുണ്ടായ അതിർത്തി സംഘർഷത്തെ ചൊല്ലി പുനഃരാരംഭിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ മാസം ഇന്ത്യയിലെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒരു വർഷമായി ഉഭയകക്ഷി ബന്ധങ്ങളിലുണ്ടായ പുരോഗതിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.