യുദ്ധക്കളമായി പാക് അധീന കാശ്‌മീർ ,​ 12 പേരെ സൈന്യം വെടിവച്ചു കൊന്നു

Friday 03 October 2025 1:11 AM IST

കറാച്ചി: അടിസ്ഥാന അവകാശങ്ങൾക്കായി തെരുവിലിറങ്ങിയ ജനവും സൈന്യവും ഏറ്റുമുട്ടിയതോടെ സംഘർഷഭൂമിയായ പാക് അധീന കാശ്മീരിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. 12 പേരെ പൊലീസ് വെടിവച്ചു കൊന്നു. ഏറ്റുമുട്ടലിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.

200ലേറെ പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. വാഗ്ദാനങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് തിങ്കളാഴ്ചയാണ് ഷെഹ്ബാസ് ഷെരീഫ് ഭരണകൂടത്തിനെതിരെ ജനം തെരുവിലിറങ്ങിയത്. ഇത് സൈന്യത്തിന്റെ അടിച്ചമർത്തലിനെതിരെയുള്ള വിശാല പ്രക്ഷോഭമായി മാറി.

മുസാഫറാബാദ്,​ റവാലാകോട്ട്,​ കോട്‌ലി, നീലം താഴ്‌വര,​ മിർപ്പൂർ തുടങ്ങി പ്രധാന പട്ടണങ്ങളിൽ സൈന്യവും പ്രതിഷേധക്കാരും ഏറ്റുമുട്ടി. ഇസ്ലാമാബാദിൽ നിന്ന് അധിക സൈനികരെ മേഖലയിലെത്തിച്ചു. ഇതിനിടെ, വിഷയത്തിൽ ഐക്യരാഷ്ട്ര സഭയും (യു.എൻ) അന്താരാഷ്ട്ര സമൂഹവും ഇടപെടണമെന്ന് യുണൈറ്റഡ് കാശ്മീർ പീപ്പിൾസ് നാഷണൽ പാർട്ടി (യു.കെ.പി.എൻ.പി) അഭ്യർത്ഥിച്ചു. സ്ഥിതി രൂക്ഷമായതോടെ അധിനിവേശ കാശ്മീരിലെ ജനങ്ങളുമായി ചർച്ച നടത്താൻ ഷെഹ്ബാസ് ഷെരീഫ് പ്രത്യേക പാനലിന് രൂപം നൽകി.

എല്ലാം നിശ്ചലം

 പ്രക്ഷോഭം അവാമി ആക്ഷൻ കമ്മിറ്റിയുടെ (എ.എ.സി) നേതൃത്വത്തിൽ

 കാശ്മീരി അഭയാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുള്ള 12 നിയമസഭാ സീറ്റുകൾ റദ്ദാക്കണമെന്ന് പ്രധാന ആവശ്യം.

 ഭക്ഷ്യക്ഷാമവും വിലക്കയറ്റവും രൂക്ഷം

 തിങ്കളാഴ്ച മുതൽ മാർക്കറ്റുകളും സ്കൂളുകളും പ്രവർത്തിക്കുന്നില്ല. പൊതുഗതാഗതം നിശ്ചലം. ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ വിച്ഛേദിച്ചു

 കഴിഞ്ഞ വർഷം സമാന പ്രതിഷേധത്തിൽ 4 പേർ കൊല്ലപ്പെട്ടു. 2400 കോടി പാകിസ്ഥാനി രൂപയുടെ ഗ്രാന്റ് അനുവദിച്ച് സർക്കാർ പ്രതിഷേധം തണുപ്പിച്ചു