ആർ.എസ്.എസ് ശതാബ്ദി ആഘോഷത്തിൽ മോഹൻ ഭാഗവത്,​ ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു

Friday 03 October 2025 1:12 AM IST

ന്യൂഡൽഹി: ആശങ്കകൾക്ക് പരിഹാരം തേടി ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നെന്നും ഇന്ത്യ മാതൃകയാകാനും വഴി കാണിക്കാനും ആഗ്രഹിക്കുന്നെന്നും ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭാഗവത് പറഞ്ഞു. വിജയദശമി ദിനത്തിൽ നാഗ്‌പൂരിലെ ആസ്ഥാനത്ത് നടന്ന 100-ാം വാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈവിദ്ധ്യത്തെ അംഗീകരിക്കുന്ന ഇന്ത്യയിൽ, ഏതെങ്കിലും വിശ്വാസത്തെ അപമാനിക്കുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യുന്നില്ലെന്ന് എല്ലാവരും ഉറപ്പാക്കണം. ഇന്ത്യയിലേക്കുവന്ന വിദേശ പ്രത്യയശാസ്ത്രങ്ങളെ സ്വന്തമായി കണക്കാക്കി ലോകത്തെ വൈവിദ്ധ്യങ്ങളെ നമ്മൾ അംഗീകരിക്കുന്നു. വിശ്വാസങ്ങളെയും ആരാധനാലയങ്ങളെയും ചിന്തയിലോ, വാക്കിലോ, പ്രവൃത്തിയിലോ അനാദരിക്കരുത്. ചെറിയ കാര്യത്തിനോ സംശയത്തിന്റെ പേരിലോ നിയമം കൈയിലെടുത്ത് തെരുവിലിറങ്ങുന്നതും അക്രമത്തിലും ഗുണ്ടായിസത്തിലും ഏർപ്പെടുന്നതും ശരിയല്ല. ഒരു പ്രത്യേക സമൂഹത്തെ പ്രകോപിപ്പിക്കലും ശക്തിപ്രകടനം നടത്തുന്നതും ആസൂത്രിത ഗൂഢാലോചനകളാണ്. അത്തരം പ്രവണത നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്നും ഭാഗവത് ചൂണ്ടിക്കാട്ടി. പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ മറുപടി നൽകിയ കേന്ദ്രർസക്കാരിനെയും സൈന്യത്തെയും അദ്ദേഹം പ്രശംസിച്ചു.

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.

 ഗാന്ധിജിയെ അനുസ്‌മരിച്ച്

ഭാഗവത്

ഇന്ന് മഹാത്മാഗാന്ധിയുടെ ജന്മദിനമാണ്. സ്വാതന്ത്ര്യത്തിനായി പോരാടിയവരിൽ മുൻനിരയിൽ നിന്നയാളാണ് ഗാന്ധിജിയെന്ന് ഭാഗവത് പറഞ്ഞു. സ്വാതന്ത്ര്യാനന്തര ഭാരതം വിഭാവനം ചെയ്തവരിൽ ഒരു പ്രത്യേക സ്ഥാനം ഗാന്ധിജിക്കുണ്ടെന്നും കൂട്ടിച്ചേർത്തു. മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മദിനത്തിൽ സ്‌മരണാഞ്ജലി അർപ്പിക്കാനും ഭാഗവത് മറന്നില്ല.