കപ്പലുകളിൽ ഗാസയിലേക്ക്: ഗ്രേറ്റയും സംഘവും ഇസ്രയേൽ പിടിയിൽ, നാടുകടത്തും
ടെൽ അവീവ്: സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗിന്റെ നേതൃത്വത്തിൽ ഗാസയിലേക്ക് സഹായ വിതരണത്തിന് പുറപ്പെട്ട കപ്പൽ സംഘത്തെ (ഗ്ലോബൽ സമദ് ഫ്ലോട്ടില്ല) കടലിൽ വച്ച് തടഞ്ഞ് ഇസ്രയേൽ നാവിക സേന. ഗ്രേറ്റയടക്കം സംഘത്തിലെ 443 വിദേശ ആക്ടിവിസ്റ്റുകളും സുരക്ഷിതരാണെന്നും എല്ലാവരെയും യൂറോപ്പിലേക്ക് നാടുകടത്തുമെന്നും ഇസ്രയേൽ അറിയിച്ചു. ഇവരുടെ ചിത്രങ്ങളും പുറത്തുവിട്ടു.ഇസ്രയേലിലെ അഷ്ദോദ് തുറമുഖത്തേക്കാണ് ഇവരെ കൊണ്ടുപോകുന്നത്. തുടർന്ന് ഇമിഗ്രേഷൻ അധികൃതർ ഇവരെ ഏറ്റുവാങ്ങി കെറ്റ്‌സിയോട്ട് ജയിലിലേക്ക് മാറ്റുമെന്ന് കരുതുന്നു. ഗാസയിൽ നിന്ന് 70 നോട്ടിക്കൽ മൈൽ അകലെവച്ചാണ് സംഘത്തെ തടഞ്ഞത്.
കഴിഞ്ഞ ജൂണിലും ഗ്രേറ്റയും സംഘവും സമാന ശ്രമം നടത്തിയിരുന്നെങ്കിലും ഇസ്രയേൽ പിടികൂടി തിരിച്ചയച്ചിരുന്നു. ഗാസയിലേക്ക് മരുന്നും ഭക്ഷണവുമായി 40ലേറെ ചെറു കപ്പലുകളിലായാണ് ഇത്തവണ സംഘമെത്തിയത്. ഇസ്രയേൽ സൈന്യം തങ്ങളെ തട്ടിക്കൊണ്ടുപോവുകയാണെന്ന് ഗ്രേറ്റ ആരോപിക്കുന്ന, മുൻകൂട്ടി റെക്കാഡ് ചെയ്ത വീഡിയോ അവരുടെ സഹപ്രവർത്തകർ പുറത്തുവിട്ടു.
ഇസ്രയേൽ നടപടിക്കെതിരെ തുർക്കി രംഗത്തെത്തി. ആക്ടിവിസ്റ്റുകൾക്ക് പിന്തുണ പ്രഖ്യാപിച്ച ഹമാസ്, ഇസ്രയേലിന്റെ ക്രിമിനൽ നടപടിക്കെതിരെ ജനങ്ങൾ പ്രതിഷേധിക്കണമെന്ന് ആഹ്വാനം ചെയ്തു.
സംഘത്തോട് മടങ്ങിപ്പോകാൻ മെഡിറ്ററേനിയൻ കടലിൽ വച്ച് നിരവധി തവണ മുന്നറിയിപ്പ് നൽകി. സഹായ വസ്തുക്കൾ സുരക്ഷിത മാർഗ്ഗത്തിലൂടെ ഗാസയിലെത്തിക്കാമെന്ന് വാഗ്ദ്ധാനവും നൽകി. എന്നാൽ അവരുടേത് ശ്രദ്ധ നേടാനും പ്രകോപനം സൃഷ്ടിക്കാനുമുള്ള സ്റ്റണ്ട് മാത്രമായിരുന്നു.
- ഇസ്രയേൽ
വിമർശിച്ച് മെലോനി
ഗാസയിലേക്ക് പുറപ്പെട്ട സംഘത്തെ ഇസ്രയേൽ തടഞ്ഞതിൽ പ്രതിഷേധിച്ച് ഇറ്റലിയിൽ ഇന്ന് പൊതുപണിമുടക്കിന് വിവിധ യൂണിയനുകൾ ആഹ്വാനം ചെയ്ത പിന്നാലെ, വിമർശിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. ആക്ടിവിസ്റ്റുകളുടെ ദൗത്യമോ ഇറ്റലിയിലെ പണിമുടക്കോ പാലസ്തീനികൾക്ക് യാതൊരു ഗുണവും ചെയ്യില്ലെന്ന് മെലോനി പറഞ്ഞു. 40ഓളം ഇറ്റലിക്കാർ ഗ്രേറ്റയുടെ സംഘത്തിലുണ്ട്.
ഗാസ സിറ്റിയിലേക്കുള്ള റോഡ് അടച്ചു
ഗാസ സിറ്റിയിലേക്കുള്ള പ്രധാന റോഡ് ഇസ്രയേൽ അടച്ചു. ഗാസ സിറ്റിയിൽ നിന്ന് പുറത്തേക്ക് ആളുകളെ കടത്തിവിടുന്നുണ്ട്. എന്നാൽ ഉള്ളിലേക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ല. ഗാസ സിറ്റിയിൽ തുടരുന്ന പാലസ്തീനികൾക്ക് തെക്കൻ ഗാസയിലേക്ക് രക്ഷപെടാനുള്ള അവസാന അവസരമാണ് ഇപ്പോൾ എന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പ്രതികരിച്ചു. ഏകദേശം 7,00,000 പേർ ഗാസ സിറ്റിയിൽ തുടരുന്നുണ്ടെന്ന് കരുതുന്നു. ഇന്നലെ 53 പേർ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതോടെ ഗാസയിലെ ആകെ മരണം 66,220 കടന്നു.