ജെയ്ൻ ഗുഡാൽ ഇനി ഓർമ്മ
വാഷിംഗ്ടൺ: പ്രൈമറ്റോളജിസ്റ്റ്, നരവംശ ശാസ്ത്രജ്ഞ, പരിസ്ഥിതി പ്രവർത്തക തുടങ്ങിയ നിലകളിൽ ലോക പ്രശസ്തയായ ജെയ്ൻ ഗുഡാൽ (91) ഇനി ഓർമ്മ. പ്രഭാഷണ പര്യടനത്തിനായി യു.എസിലെത്തിയ ജെയ്ൻ ബുധനാഴ്ച ലോസ് ആഞ്ചലസിൽ വച്ചാണ് മരണപ്പെട്ടത്. പ്രായാധിക്യത്താലുള്ള സ്വാഭാവിക കാരണങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. 1934ൽ ലണ്ടനിലാണ് ജനനം. കുട്ടിയായിരിക്കുമ്പോൾ ടെഡി ബിയറിന് പകരം ജൂബിലി എന്ന് പേരുള്ള ചിമ്പാൻസി കളിപ്പാട്ടം പിതാവ് ജെയ്‌നിന് സമ്മാനിച്ചു. അന്ന് മുതൽ ചിമ്പാൻസികളെ ഇഷ്ടപ്പെട്ട് തുടങ്ങിയ ജെയ്ൻ, പിന്നീട് ലോകം കണ്ട ഏറ്റവും മികച്ച ചിമ്പാൻസി വിദഗ്ദ്ധയായി മാറി.
ആറ് ദശാബ്ദം അവർ കാട്ടിലെ ചിമ്പാൻസികളുടെ ജീവിതവും ഇടപെടലുകളും ആഴത്തിൽ പഠിച്ചു. 1960ൽ ടാൻസാനിയയിലെ ഗോംബെ സ്ട്രീം നാഷണൽ പാർക്കിലെത്തിയാണ് ജെയ്‌ൻ ആദ്യമായി ചിമ്പാൻസികളെ നിരീക്ഷിച്ചത്.
ചിമ്പാൻസികളെയും മനുഷ്യ പരിണാമത്തെയും കുറിച്ചുള്ള പല അടിസ്ഥാനപരമായ ശാസ്ത്രീയ ധാരണകളെയും ജെയ്‌ൻ ഗവേഷണങ്ങളിലൂടെ തിരുത്തി. ചിമ്പാൻസികൾക്കിടെയിലെ പെരുമാറ്റവും ആശയവിനിമയ രീതികളും തിരിച്ചറിഞ്ഞ ജെയ്ൻ, ചിമ്പാൻസികൾ വേട്ടയാടുമെന്നും മാംസം കഴിക്കുമെന്നുമുള്ള നിർണായക കണ്ടെത്തലും നടത്തി. ഏറ്റുമുട്ടൽ അടക്കം ചിമ്പാൻസികളുടെ ആക്രമണ സ്വഭാവവും ജെയ്ൻ ലോകത്തോട് വിശദീകരിച്ചു.
1977ൽ വാഷിംഗ്ടൺ ആസ്ഥാനമാക്കി 'ജെയ്ൻ ഗുഡാൽ ഇൻസ്റ്റിറ്റ്യൂട്ട്" എന്ന വന്യജീവി-പരിസ്ഥിതി സംരക്ഷണ സംഘടന അവർ സ്ഥാപിച്ചു. അമേരിക്കയിൽ ഉണ്ടെന്ന് പറയപ്പെടുന്ന നിഗൂഢ ജീവിയായ ബിഗ്ഫൂട്ട് അടക്കം മനുഷ്യർ കണ്ടെത്തിയിട്ടില്ലാത്ത പ്രൈമേറ്റ് സ്പീഷീസുകൾ നിൽനിൽക്കാനുള്ള സാദ്ധ്യതകളെ ജെയ്ൻ പിന്തുണച്ചിരുന്നു. 2022ൽ യു.എന്നിന്റെ മെസഞ്ചർ ഒഫ് പീസ് അംഗീകാരം ജെയ്‌നിനെ തേടിയെത്തി. ജെയ്ൻ രണ്ട് തവണ വിവാഹിതയായി. ഒരു മകനുണ്ട്.