കോടികളുടെ ഇടപാട്; പലിശയ്ക്ക് പണം നൽകി ഭൂമി സ്വന്തം പേരിലാക്കി, ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ രഹസ്യാന്വേഷണം
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്‌പങ്ങളുടെ അറ്റകുറ്റപ്പണികളുമായ ബന്ധപ്പെട്ട സ്പോൺസർമാരിൽ ഒരാളായ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കെതിരെ രഹസ്യാന്വേഷണം ആരംഭിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തിരുവനന്തപുരത്തു മാത്രം കോടികളുടെ ഭൂമി ഇടപാടുകളുണ്ടെന്നാണ് വിവരം. ബ്ലേയ്ഡ് പലിശക്ക് പണം നൽകി ഭൂമി പലയിടത്തും സ്വന്തം പേരിലാക്കിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ മാത്രം 30 കോടിയിലധികം രൂപയുടെ ഭൂമി കച്ചവടങ്ങൾ നടന്നതിന്റെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്.
മുൻ ദേവസ്വം കരാറുകാരനാണ് തലസ്ഥാനത്തെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടനിലക്കാരൻ. സ്വന്തം പേരിലും ഭാര്യയുടെയും അമ്മയുടെയും പേരിലും ഭൂമി ഇടപാട് നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്ന് വിശദമായ ചോദ്യം ചെയ്യലിന് നാളെ ഹാജരാകാൻ വിജിലൻസ് ഉണ്ണികൃഷ്ണൻ പോറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2019 ജുലായ് 20ന് പാളികള്‍ ഇളക്കിയെങ്കിലും ചെന്നൈയിലെ സ്മാർട്ട് ക്രിയേഷനിൽ എത്തിച്ചത് 40 ദിവസം കഴിഞ്ഞാണ്. ഒരു മാസം സ്വർണ പാളികൾ എവിടെയായിരുന്നുവെന്ന് ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കേണ്ടി വരും. തിരികെ കൊണ്ടുവന്നപ്പോള്‍ നാല് കിലോഗ്രാം കുറഞ്ഞത് മഹസറിൽ രേഖപ്പെടുത്താത്തതിനെക്കുറിച്ച് ദേവസ്വം ജീവനക്കാരും മറുപടി പറയേണ്ടിവരും.
അതേസമയം, ശബരിമല സ്വർണപാളി വിവാദം ശക്തമാകുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അടിയന്തര യോഗം ഇന്ന് ചേരും. അജണ്ട നിശ്ചയിക്കാതെ ചേരുന്ന യോഗത്തിൽ ഹൈക്കോടതിയിൽ സ്വീകരിക്കേണ്ട നിലപാടിൽ അന്തിമ തീരുമാനമെടുക്കും. സ്വർണപാളി വിഷയത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് തന്നെ സമ്മതിച്ചതാണ്. ഇതിനിടെയാണ് ഇന്ന് അടിയന്തര ബോർഡ് യോഗം ചേരുന്നത്.