ശാരദാ ഇൻസ്റ്റിറ്റ്യൂട്ടിലെ പീഡനം: മൂന്ന് വനിതാ ജീവനക്കാർ പിടിയിൽ; സമ്മർദം ചെലുത്തിയത് അച്ചടക്കത്തിന്റെ മറവിൽ

Friday 03 October 2025 10:00 AM IST

ന്യൂഡൽഹി: ഡൽഹിയിലെ ശ്രീ ശാരദാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റ് റിസർച്ചിലെ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട ലൈംഗിക പീഡനക്കേസിൽ വഴിത്തിരിവ്. ഇതുമായി ബന്ധപ്പെട്ട് സ്വയം പ്രഖ്യാപിത ആൾ ദൈവമായ സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ (പാർത്ഥസാരഥി) മൂന്ന് വനിതാ ജീവനക്കാരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.

പാർത്ഥസാരഥിയുടെ നിർദ്ദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചതെന്നും അച്ചടക്കത്തിന്റെയും കൃത്യനിഷ്ഠയുടെയും മറവിൽ വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തുകയും സമ്മർദം ചെലുത്തുകയും ചെയ്തിരുന്നെന്നും ചോദ്യം ചെയ്യലിൽ അറസ്റ്റിലായവർ സമ്മതിച്ചതായി പൊലീസ് സൂചിപ്പിച്ചു.

കുറ്റകൃത്യം മറച്ചുവയ്ക്കൽ, പരാതിക്കാരെ ഭീഷണിപ്പെടുത്തൽ, തെളിവുകൾ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തത്. അസോസിയേറ്റ് ഡീൻ ശ്വേത ശർമ, എക്സിക്യൂട്ടീവ് ഡയറക്ടർ ഭാവന കപിൽ, സീനിയർ ഫാക്കൽറ്റി കാജൽ എന്നിവരാണ് അറസ്റ്റിലായത്.

ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ ശേഷം കഴിഞ്ഞ ആഴ്ചയാണ് 62കാരനായ ചൈതന്യാനന്ദ ആഗ്രയിൽ വച്ച് പിടിയിലായത്. സാമ്പത്തിക പിന്നാക്കവസ്ഥയിലായവ‌ർക്കുള്ള സ്കോളർഷിപ്പ് പദ്ധതിയിൽ എൻറോൾ ചെയ്ത 17ലധികം വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഇയാൾ പ്രതി. അശ്ലീല സന്ദേശങ്ങൾ അയക്കുക, അനാവശ്യമായി ശരീരത്തിൽ സ്പർശിക്കുക, ഭീഷണിപ്പെടുത്തുക എന്നിവയാണ് ഇയാൾക്കെതിരെയുള്ള പ്രധാന ആരോപണങ്ങൾ.

പ്രതിയുടെ ഫോണിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചതായും പൊലീസ് പറയുന്നു. യോഗാ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾക്ക് നേരെ ഇയാൾ മോശമായ കമന്റുകൾ നൽകിയിരുന്നു. ഇത്രയധികം തെളിവുകൾ ലഭിച്ചിട്ടും പാർത്ഥസാരഥി കുറ്റബോധമോ പശ്ചാത്താപമോ കാണിച്ചിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പാർത്ഥസാരഥി വിദ്യാർത്ഥിനികൾക്കൊപ്പം താമസിച്ചതായി പറയപ്പെടുന്ന ഉത്തരാഖണ്ഡിലെ ആൽമോറയിലെ ഒരു ഗസ്റ്റ് ഹൗസ് പൊലീസ് സംഘം സന്ദർശിച്ചിരുന്നു. ഇയാൾക്കെതിരെയുള്ള വിവരങ്ങൾ അവിടത്തെ നാട്ടുകാർ ശരിവച്ചതായും റിപ്പോർട്ടുണ്ട്.

സ്ഥാപനത്തിന്റെ ഡയറക്ടറായി മുമ്പ് ഇയാളെ നിയമിച്ച ശ്രീ ശൃംഗേരി മഠം അഡ്മിനിസ്ട്രേഷൻ നിലവിൽ ഇയാളുമായുള്ള ബന്ധം വിച്ഛേദിക്കുകയും ഫണ്ട് ദുരുപയോഗം ചെയ്തതിന് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. 20 കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ പ്രാഥമിക ഓഡിറ്റിൽ കണ്ടെത്തുകയും ചെയ്തു. കൂടാതെ പ്രതി മറ്റൊരു പേരിൽ വ്യാജ പാസ്‌പോർട്ട് നേടിയതായും പൊലീസ് അറിയിച്ചു. സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളും സിസിടിവി ദൃശ്യങ്ങളും പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.