എയിംസിൽ നിന്ന് രക്തവും പ്ലാസ്‌മയും കാണാതാകുന്നു; സിസിടിവിയിൽ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
ഭോപ്പാൽ: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിന്റെ (എയിംസ്) രക്തബാങ്കിൽ നിന്ന് രക്തവും പ്ലാസ്‌മയും മോഷ്‌ടിക്കപ്പെടുന്നതായി പൊലീസ്. എയിംസ് രക്തബാങ്ക് ഇൻ ചാർജ് ഡോ. ഗ്യാനേന്ദ്ര പ്രസാദ് ബാഗ് സെവാനിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഔട്ട്‌സോഴ്‌സ് ജീവനക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഏറെക്കാലമായി രക്തബാങ്കിൽ നിന്ന് രക്തവും പ്ലാസ്‌മ യൂണിറ്റുകളും അപ്രത്യക്ഷമാകുന്നുണ്ടെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ രജനീഷ് കശ്യപ് കൗൾ പറഞ്ഞു.
പ്രതിയായ ഔട്ട്‌സോഴ്‌സ് ജീവനക്കാരനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രി പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് കുറച്ച് യൂണിറ്റ് പ്ലാസ്‌മ മോഷ്‌ടിച്ച് ഇയാൾ അജ്ഞാത വ്യക്തിക്ക് കൈമാറുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംശയത്തെത്തുടർന്ന് എയിംസ് അധികൃതർ രക്തബാങ്കിനുള്ളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു.