നെഗറ്റീവ് ഊർജത്തെ വീട്ടിൽ നിന്നകറ്റും ഒപ്പം‌ ദോഷദുരിതങ്ങളെയും, ആചാര്യന്മാർ നിർദ്ദേശിക്കുന്നത് ഈ മാർഗം

Friday 03 October 2025 12:22 PM IST

ചെയ്യുന്ന പല കാര്യങ്ങളും വിജയത്തിലെത്താതിരിക്കുക, ദോഷം സംഭവിക്കുക ഇതെല്ലാം ദൃഷ്‌ടിദോഷം, ശത്രുദോഷം തുടങ്ങിയവ കൊണ്ടാകാമെന്ന് ലക്ഷണശാസ്‌ത്രം അനുസരിച്ച് ആചാര്യന്മാർ പറയാറുണ്ട്. ക്ഷേത്രങ്ങളിൽ വഴിപാട് നടത്തുക, ദേവതകളെ പ്രീതിപ്പെടുത്തുക, ചരട് ജപിച്ചുകെട്ടുക ഇങ്ങനെ പലകാര്യങ്ങൾ ഇതിന് പ്രതിവിധിയായി സാധാരണ വിശ്വാസികൾ ചെയ്യുക പതിവാണ്.

ദൃഷ്‌ടിദോഷമടക്കം പ്രശ്‌നങ്ങൾ ഇത്തരത്തിലല്ലാതെ വീട്ടിൽ നിന്നുംതന്നെ അകറ്റാമെന്ന് ആചാര്യർ നിർദ്ദേശിക്കുന്നു. ഇതിനായി മൂന്ന് വറ്റൽ മുളക് ആണ്‌ പ്രധാനമായി വേണ്ടത്. ഞെട്ടോടെ, തകരാറില്ലാത്ത വറ്റൽ മുളക് വേണം ഇതിനായെടുക്കാം. ഇവയ്‌ക്ക് നീളം തുല്യമാകണം. ശേഷം ഒരു നുള്ള് കല്ലുപ്പ് എടുക്കണം. വീട്ടിൽ നിന്നും നെഗറ്റീവ് എനർജിയെ ഇല്ലാതാക്കാൻ കഴിവുള്ളതാണ് കല്ലുപ്പ് എന്ന് വിശ്വാസം. ഇതിനൊപ്പം അൽപം കടുക് എടുത്ത് പാണൽ അഥവാ പാഞ്ചി എന്നറിയപ്പെടുന്ന ചെടിയുടെ ഇലയിൽ ഇവ മൂന്നും പൊതിയണം. ഇഷ്‌ട ദേവത,​ കുടുംബ ദേവത,​ ദേശദേവത എന്നിവരോട് ഈ വസ്‌തുക്കൾ കൈകളിലെടുത്ത് പ്രാർത്ഥിക്കണം.

എന്തെല്ലാം ദോഷങ്ങളാണോ തന്നിൽ ബാധിച്ചത് അവയെല്ലാം അകലണേ എന്നാണ് ദേവതകളോട് പ്രാർത്ഥിക്കേണ്ടത്. ഇനി തലയിൽ മൂന്നുവട്ടം ഉഴിയുക. പിന്നെ നെഞ്ചിന്റെ ഭാഗത്തും ശേഷം നാഭി മുതൽ കാൽ വരെയും പിന്നെ കാൽ മുതൽ മുകളിലേക്കും ഉഴിഞ്ഞ ശേഷം വീടിന് പിൻവശത്ത് തീകൂട്ടി ഈ വസ്‌തുക്കൾ കത്തിച്ചുകളയണം. വീട്ടിനുള്ളിൽ ചെയ്യരുതെന്നും തെക്കുകിഴക്ക് ദിക്കിൽ ആകണം ഇവ കത്തിക്കേണ്ടതെന്നുമാണ് ആചാര്യർ പറയുന്നത്. പിന്നീട് കൈകാൽ കഴുകി ശുദ്ധിയാക്കിയ ശേഷം മാത്രം വീട്ടിലേക്ക് പ്രവേശിക്കുക.