വിജയദശമി ആഘോഷത്തിനിടെ ധുനൂച്ചി നൃത്തവുമായി സ്മൃതി ഇറാനി; വീഡിയോ വൈറൽ

Friday 03 October 2025 1:00 PM IST

ന്യൂഡൽഹി: വിജയദശമി ദിനത്തിലെ ആഘോഷ ചടങ്ങുകളിൽ പങ്കെടുത്ത് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. ഡൽഹിയിലെ പാണ്ഡാര റോഡിലെ പന്തലിൽ വച്ച് സ്മൃതി പരമ്പരാഗതമായ നൃത്തമായ ധുനൂച്ചി ചെയ്യുന്നതിന്റെ വീഡിയോ സാമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ചുവപ്പും വെള്ളയും ചേർന്ന പരമ്പരാഗത ബംഗാളി ശൈലിയിലുള്ള സാരി ധരിച്ചാണ് സ്മൃതി ഇറാനി നൃത്ത ചുവടുകൾ വയ്ക്കുന്നത്.

മറ്റ് നിരവധി സ്ത്രീകളോടൊപ്പം കൈകളിൽ ധൂപം വമിക്കുന്ന പാത്രവും ഏന്തി നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ദുർഗ്ഗാ പൂജ ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോ ശകലങ്ങളും സ്മൃതി ഇറാനി തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.'ഞാൻ എന്നും അമ്മയുടെ കാൽക്കൽ ഉണ്ടാകും, അമ്മ എന്നേക്കും എന്റെ ഹൃദയത്തിൽ ഉണ്ട്, എന്റെ ആത്മാവിനെ എപ്പോഴും ഉണർത്തുന്നത് അമ്മയാണ്'- ചിത്രങ്ങൾക്കൊപ്പം സമൃതി കുറിച്ചു. കൂടാതെ ആരാധകർക്ക് ആശംസകളും നേർന്നു.