സൂം കോളിലൂടെ ഇന്ത്യൻ ജീവനക്കാരെ മുഴുവൻ പിരിച്ചുവിട്ട് യു എസ് കമ്പനി
വാഷിംഗ്ടൺ: യു എസ് ആസ്ഥാനമായുള്ള കമ്പനിയിൽ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ഇന്ത്യൻ ജീവനക്കാരിയെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (സിഒഒ) പിരിച്ചുവിട്ടു. വർക്ക് ഫ്രം ഹോം ചെയ്തിരുന്ന യുവതിയെയാണ് വെർച്വൽ മീറ്റിംഗിനിടെ പുറത്താക്കിയതായി അറിയിച്ചത്. എല്ലാ ഇന്ത്യക്കാരെയും പോലെ തന്നെയും കമ്പനി പുറത്താക്കിയെന്ന് യുവതി റെഡ്ഡിറ്റിലൂടെ പങ്കുവച്ച കുറിപ്പ് ഇപ്പോൾ വൈറലായിരിക്കുകയാണ്.
' അന്നൊരു സാധാരണ പ്രവൃത്തി ദിവസമായിരുന്നു. 9 മണിക്ക് ജോലിക്ക് ലോഗിൻ ചെയ്തു. 11 മണിക്ക് സിഒഒയുടെ നിർബന്ധിത മീറ്റിംഗിൽ, അദ്ദേഹം ക്യാമറകളും മൈക്രോഫോണുകളും ഓഫാക്കി. തുടർന്ന് ഇന്ത്യൻ തൊഴിലാളികളെ പിരിച്ചുവിടുകയാണെന്ന് പ്രഖ്യാപിച്ചു. എന്നാൽ തങ്ങളുടെ ചോദ്യങ്ങൾക്ക് സിഒഒ ഉത്തരം നൽകാൻ തയ്യാറായില്ല. മാത്രമല്ല ഉടൻ തന്നെ കോളിൽ നിന്ന് പുറത്തു പോവുകയും ചെയ്തു. ഒക്ടോബറിലെ മുഴുവൻ ശമ്പളവും മാസാവസാനം നൽകുമെന്ന് കമ്പനി വാഗ്ദാനം ചെയ്തതായും' ജീവനക്കാരി പറഞ്ഞു.
ഈ പോസ്റ്റ് സോഷ്യൽമീഡിയയിൽ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. നിരവധി ഉപയോക്താക്കൾ സങ്കടത്തിൽ പങ്കുചേരുകയും ജോലി ഓഫറുകൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. അതേസമയം കാരണം വ്യക്തമാക്കാതെയുള്ള ഇന്ത്യൻ ജീവനക്കാർക്കെതിരായ നടപടിയിൽ ഞെട്ടിയിരിക്കുകയാണ് സൈബർ ലോകം.