ഭാര്യയുടെ ലിവ് ഇൻ പങ്കാളിയെ ത‌ടഞ്ഞുനിർത്തി ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ്; സംഭവം തിരുവനന്തപുരത്ത്

Friday 03 October 2025 3:49 PM IST

തിരുവനന്തപുരം: ഭാര്യയുടെ ലിവ് ഇൻ പങ്കാളിയെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് ഒളിവിൽ. ഇന്നലെ രാത്രി തിരുവനന്തപുരം മുക്കംപാലമൂട്ടിലായിരുന്നു സംഭവം. നരുവാമൂട് സ്വദേശിയായ ശ്രീജിത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ശ്രീജിത്തിനൊപ്പം താമസിക്കുന്ന സ്‌ത്രീയുടെ ഭർത്താവായ സുനിലാണ് ആക്രമിച്ചത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന ശ്രീജിത്തിനെ ഓട്ടോയിലെത്തിയ സുനിൽ തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി ശ്രീജിത്തിനെ ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട സുനിലിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഭാര്യയെയും മക്കളെയും തന്നിൽ നിന്നും അകറ്റിയതിലുള്ള വ്യക്തിവൈരാഗ്യമാണ് സുനിൽ ആക്രമിക്കാൻ കാരണമായതെന്ന് പൊലീസ് പറഞ്ഞു.