ജൂതദേവാലയത്തിന് മുന്നിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ച് കയറ്റിയ സംഭവം,​ അക്രമിയെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ്

Friday 03 October 2025 3:54 PM IST

മാഞ്ചസ്റ്റർ:മാഞ്ചസ്റ്ററിൽ ജൂത ദേവാലയത്തിന് മുന്നിൽ നടന്ന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. 35കാരനായ ജിഹാദ് അൽ ഷാമിയാണ് അരുംകൊല നടത്തിയത്. സിറിയൻ വംശജനായ ബ്രിട്ടീഷ് പൗരനാണ് ഇയാളെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ പൊലീസ് നടത്തിയ വെടിവയ്പ്പിൽ ജിഹാദിനെ സംഭവസ്ഥലത്ത് തന്നെ ഉദ്യോഗസ്ഥർ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസാണ് ഇക്കാര്യം അറിയിച്ചത്.

കൊല്ലപ്പെട്ടവരിൽ 53കാരനായ ഏഡ്രിയൻ ഡോൾബി, 66കാരനായ മെൽവിൻ ക്രാവിറ്റ്‌സ് എന്നിവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ക്രംപ്‌സലിലെ ജൂത കൂട്ടായ്മയിൽ സജീവമായിരുന്നവരാണ് ഡോൾബിയും ക്രാവിറ്റ്‌സുമെന്നും പൊലിസ് പറഞ്ഞു. ജൂതരുടെ പുണ്യദിനമായ യോം കിപ്പൂർ ദിനത്തിലാണ് ഹീറ്റൺ പാർക്ക് ഹീബ്രു സഭയുടെ സിനഗോഗിൽ ഞെട്ടിക്കുന്ന സംഭവമുണ്ടായത്.

ഗാസയിൽ ഇസ്രായേലും ഹമാസും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങളെ തുടർന്ന് ജൂത സമൂഹത്തിൽ ആശങ്കകൾ വർദ്ധിക്കുന്നതിനിടെയാണ് മാഞ്ചസ്റ്ററിൽ ഞെട്ടിക്കുന്ന ആക്രമണം നടന്നത്. അക്രമം ഭയപ്പെടുത്തുന്നതാണെന്നും, പുണ്യദിനത്തിൽ തന്നെ ഇത്തരമൊരു സംഭവം നടന്നത് കൂടുതൽ വേദനാജനകമാണെന്നും യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രസ്താവനയിൽ അറിയിച്ചു.

ആരാധനയ്ക്കായി ധാരാളം ആളുകൾ എത്തിച്ചേർന്നിരുന്ന സമയത്തായിരുന്നു ദാരുണമായ ആക്രമണം ഉണ്ടായത്. ദേവാലയത്തിന് പുറത്ത് ആളുകൾക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റിയ അക്രമി തുടർന്ന് യാത്രക്കാരെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.