വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചു, 19 സ്ത്രീകളുമായി ബന്ധം: ഭർത്താവിനെതിരെ യുവതിയുടെ വെളിപ്പെടുത്തൽ
ബംഗളൂരു: ഭർത്താവിനും ഭർതൃവീട്ടുകാർക്കും എതിരെ ദാമ്പത്യപീഡനത്തിന് പരാതി നൽകി യുവതി. കർണ്ണാടകയിലെ പുട്ടനഹല്ലിയിലാണ് സംഭവം. പീഡനം, ബ്ലാക്ക് മെയിൽ, ചൂഷണം എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് യുവതിയുടെ പരാതി. വിവാഹിതനാണെന്ന വിവരം ഭർത്താവ് മറച്ചു വച്ചതായും മറ്റ് 19 സ്ത്രീകളുമായി ബന്ധമുള്ളതായും യുവതി ആരോപിക്കുന്നു. 2024 ഡിസംബറിലാണ് യുവതി സയ്യിദ് ഇനാമുൾ ഹഖിനെ വിവാഹം കഴിച്ചത്. സ്ത്രീധനമായി 340 ഗ്രാം സ്വർണ്ണവും യമഹ ബൈക്കും നൽകി. ഫ്ലാറ്റ് വാങ്ങുന്നതിനായി സ്വർണ്ണാഭരണങ്ങൾ വിൽക്കാൻ നടത്തിയ ശ്രമത്തെ എതിർത്തപ്പോൾ ശാരീരികമായി ഉപദ്രവിച്ചതായും യുവതി പറയുന്നു.
കിടപ്പുമുറിയിൽ രഹസ്യക്യാമറ സ്ഥാപിച്ച് സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ വിദേശത്തുള്ള കൂട്ടാളികളുമായി പങ്കു വച്ചു, വിദേശത്തുള്ള പരിചയക്കാരുമായി ശാരീരിക ബന്ധം നടത്താൻ തനിക്ക് മേൽ സമ്മർദ്ദം ചെലുത്തി, എതിർത്തപ്പോൾ സ്വകാര്യ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി തുടങ്ങിയ വെളിപ്പെടുത്തലുകളാണ് ഭർത്താവിനെതിരെ യുവതി നടത്തിയത്.
പൊതുസ്ഥലങ്ങളിലും ഹോട്ടലുകളിലും മാതാപിതാക്കളുടെ മുന്നിലും ഉൾപ്പടെ ഭർത്താവ് നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി യുവതി പറഞ്ഞു. സയ്യിദിന്റെ ബന്ധുക്കളുടെ പേരും പരാതിയിൽ ഉൾപ്പെടുന്നു. ഭർതൃസഹോദരി തന്നെ അപമാനിച്ചതായും അവരുടെ സഹോദരൻ ലൈംഗിക താൽപ്പര്യത്തോടെ അപമര്യാദയായി പെരുമാറിയതായും പരാതിയിൽ പറയുന്നു.
സെപ്തംബർ 21 ന് വഴക്കിനിടെ പരാതിക്കാരിയെ ആക്രമിച്ച പ്രതി വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.