മഞ്ചേരിയാവും സിലിക്കൺഞ്ചേരി
സംരംഭകത്വം വെറുമൊരു തൊഴിലിനപ്പുറം ജീവിത ശൈലി കൂടിയാണെന്നാണ് യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിൽ ബാങ്കിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സബീർ നെല്ലിയുടെ ജീവിതം കാണിച്ച് തരുന്നത്. സാധാരണ കുട്ടികളെ പോലെ പഠിക്കുകയും കളിക്കുകയും ചെയ്യുന്നതിനൊപ്പം നൂതനാശയങ്ങൾ പരീക്ഷിക്കാനും ചെറിയ ബിസിനസുകളിലേക്ക് കാലുറപ്പിക്കാനും സംരംഭകത്വ മനോഭാവം ഉളളവരിൽ പ്രത്യേക താല്പര്യം കാണാം. ഈ അഭിരുചികൾ തിരിച്ചറിഞ്ഞ് മാതാപിതാക്കളും കൈപിടിച്ചാൽ സമൂഹത്തിന്റെ സാമ്പത്തിക അടിത്തറ കൂടുതൽ ഭദ്രമാകുമെന്നാണ് സബീർ നെല്ലിയുടെ തത്വം. മലപ്പുറം ജില്ലയിലെ ചെറുനഗരമായ മഞ്ചേരിയിലെ കാരക്കുന്നിൽ വേനലവധിക്കാലത്ത് പ്രാദേശിക മേളകളിൽ ചായയും കാപ്പിയും ലഘുഭക്ഷണങ്ങളും മിഠായികളും വിറ്റ് നടന്നിരുന്ന സബീർ നെല്ലി ഇന്ന് അമേരിക്കയിലെ സാങ്കേതിക വികസന രംഗത്ത് വലിയ മുന്നേറ്റങ്ങൾ നടത്തുന്ന തിരക്കിലാണ്. എഞ്ചിനീയറായ പിതാവിന്റെ മോൻ റോഡരികിൽ വില്പന നടത്തുന്നതിനെ അന്ന് പലരും അതിശയത്തോടെ കണ്ടിരുന്നു. പ്രതിമാസം 1.8 ബില്യൺ ഡോളറിലധികം ഇടപാടുകൾ നടത്തുകയും 12 ലക്ഷത്തിലധികം അമേരിക്കൻ ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുകയും ചെയ്യുന്ന സിൽ ബാങ്കിന്റെ ഉടമയായി മാറിയ അദ്ദേഹം ഇന്ന് ജന്മനാടിനെയും ഇന്ത്യയുടെ സാങ്കേതിക കേന്ദ്രമാക്കി മാറ്റാനൊരുങ്ങുകയാണ്. അമേരിക്കയിലെ ഐ.ടി ഹബ്ബായ സിലിക്കൺവാലി പോലെ മഞ്ചേരിയെ സിലിക്കൺഞ്ചേരിയാക്കുകയാണ് വലിയ സ്വപ്നം. അമേരിക്കയിൽ അതിവേഗം വളരുന്ന 5,000 സ്വകാര്യ കമ്പനികളുടെ പട്ടികയിൽ ഇടംപിടിച്ച ടൈലർ പെട്രോളിയം എന്ന പെട്രോൾ പമ്പുകളുടെ ശൃംഖല അവതരിപ്പിച്ച മലയാളി..10 സംരംഭങ്ങൾക്ക് ആകെ 10 കോടി രൂപയുടെ മൂലധന ഫണ്ടിംഗ് ഒരുക്കുകയെന്ന ആശയത്തിലൂന്നി മഞ്ചേരിയിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കായി ഇൻക്യുബേഷൻ-ആക്സിലറേറ്റർ കേന്ദ്രം ഒരുക്കിയ വ്യക്തി..ഇങ്ങനെ അദ്ദേഹത്തിന് വിശേഷണങ്ങൾ ഏറെയാണ്. സാങ്കേതിക വിദ്യകളിലാണ് ഒരു രാഷ്ട്രത്തിന്റെ ഭാവിയെന്നും പ്രകൃതി സൗന്ദര്യവും മികച്ച ജീവിത സാഹചര്യവുമുള്ള കേരളത്തിൽ വിദഗ്ധരായ ടെക് പ്രൊഫഷണലുകളെ വാർത്തെടുത്താൽ മറ്റൊരു തലത്തിലേക്ക് ഉയരാൻ സാധിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനുകൾ മുതൽ ഡിജിറ്റൽ പേയ്മെന്റ് സൊല്യൂഷനുകൾക്ക് വരെ സാങ്കേതിക പിന്തുണ ഒരുക്കുന്ന ഫിൻ ടെക് സ്ഥാപനമായ സിൽ ബാങ്കിന്റെ ഗവേഷണ-വികസന കേന്ദ്രത്തിന് കേരളത്തിന് പുറത്തുള്ള പല മെട്രോപൊളിറ്റൻ നഗരങ്ങളുടെയും പേരുകൾ പലരും നിർദേശിച്ചെങ്കിലും സബീർ പിറന്ന നാടായ മഞ്ചേരിയെ വിശ്വസിച്ചു. മാതാവിന്റെ മടിത്തട്ടിലെന്ന പോലെ വേണം ജന്മനാടിനെ സ്നേഹിക്കാനെന്നും വികസനം സ്വന്തം നാട്ടിൽ നിന്ന് തുടങ്ങണമെന്നുമുള്ള ആശയത്തിൽ ഉറച്ചുനിന്നു. ഭൂപ്രദേശത്തിലോ വലിയ സമുച്ഛയങ്ങളിലോ അല്ല, ആശയങ്ങളാണ് വിജയത്തിന് അടിസ്ഥാനമെന്ന നിലപാട് സ്വീകരിച്ചു.
യു.എസിന് മഞ്ചേരിയിൽ
നിന്നൊരു സർവീസ്
ബാങ്കുകളുമായി ബന്ധപ്പെട്ട ഒട്ടേറെ സാമ്പത്തിക ഇടപാടുകൾ നടത്തേണ്ട മേഖലയാണ് പെട്രോളിയം ബിസിനസ് എന്നിരിക്കെ പലപ്പോഴും സ്റ്റാർട്ടപ്പ് സംരംഭവുമായി പ്രവർത്തിക്കുന്നതിലെ ആശങ്കകൾ ചൂണ്ടിക്കാണിച്ച് ബിൽ.കോം അടക്കമുള്ള പ്ലാറ്റ്ഫോമുകൾ പിൻവലിഞ്ഞത് സബീറിനെ പുതിയ ആശയത്തിലേക്കെത്തിച്ചു. സ്ഥാപനത്തിന് ആവശ്യമായ എല്ലാ പേയ്മെന്റ് സംവിധാനങ്ങളും ഒരു കുടക്കീഴിൽ സാദ്ധ്യമാക്കുന്നതിനൊപ്പം ഒന്നിലധികം സേവന ദാതാക്കളുമായി ബന്ധം പുലർത്തേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുകയും ചെയ്യുകയെന്ന ചിന്തയിലാണ് ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം അദ്ദേഹം ആരംഭിക്കുന്നത്. ചെറിയ ആശയം മതി ജനതയുടെ ജീവിതം മാറാനെന്ന ആശയത്തിലൂന്നി പൊതുജനങ്ങൾക്കായും ഈ സേവനം തുറന്നിടാൻ 2018ൽ ഓൺലൈൻ ചെക്ക് റൈറ്റർ ഡോട്ട് കോം വെബ്സൈറ്റ് ആരംഭിച്ചതാണ് സിൽ മണിയുടെ പിറവിയിലേക്ക് നയിച്ചത്. ചുവരുകളില്ലാത്ത ബാങ്കിംഗ് എന്ന ആശയമാണ് അദ്ദേഹം സ്വീകരിച്ചത്. ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന മാതൃകയിൽ പണരഹിത സർവീസുകൾക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയതോടെ ജനകീയമായി. ആരംഭിച്ച് ആദ്യ വർഷത്തിൽ തന്നെ 50,000ത്തിലധികം ഉപഭോക്താക്കളെ സ്വന്തമാക്കി. ഉപഭോക്താക്കൾ സേവനങ്ങളിൽ സംതൃപ്തരാണോ എന്നറിയാൻ നിശ്ചിത ഇടവേളകളിൽ വിളിച്ചന്വേഷിക്കും. 2023ൽ മഞ്ചേരിയിലെ നെല്ലിപ്പറമ്പിൽ സിൽമണിയുടെ ഗ്ലോബൽ ഡെവലപ്പ്മെന്റ് സെന്ററും സ്ഥാപിച്ചു. മൂന്ന് നിലകളിൽ പ്രവർത്തിക്കുന്ന ഈ ഗ്ലോബൽ ഡെവലപ്മെന്റ് സെന്ററിൽ നിന്നാണ് അമേരിക്കയിലെ 12 ലക്ഷത്തോളം ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുന്നത്. സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റ് അടക്കമുള്ള എല്ലാ കാര്യങ്ങളും ഇവിടെ നിന്നാണ് ചെയ്യുന്നത്. ദിനംപ്രതി 600 ഉപഭോക്താക്കളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഒരു മലയാളിയ്ക്ക് അമേരിക്കൻ മണ്ണിൽ ഇത്രയേറെ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കുമോ എന്ന് ചോദിച്ചാൽ അദ്ദേഹം ഒറ്റ വാക്കിൽ ഉത്തരം പറയും, 'കഴിവും ആത്മസമർപ്പണവും ഉണ്ടെങ്കിൽ അതിർവരമ്പുകളെ ഭേദിക്കാം".
സംരംഭകനിലേക്ക് പറന്നിറങ്ങി
മലപ്പുറം ജില്ലയിലെ മഞ്ചേരി കാരക്കുന്ന് സ്വദേശിയായ സബീർ നെല്ലി കോഴിക്കോട് ആർ.ഇ.സി കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിന് പ്രവേശനം നേടിയെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ച് മനസ്സിലുടക്കിയ പൈലറ്റ് എന്ന ആഗ്രഹ സഫലീകരണത്തിനായി മുന്നിട്ടിറങ്ങി. ഏവിയേഷൻ പഠന ശേഷം ഇന്ത്യയിൽ നിന്നും കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് സ്വന്തമാക്കി. തുടർന്ന് 21ാം വയസിൽ ബോയിങ് 737 ടൈപ്പ് റേറ്റിംഗ് നേടുന്നതിനായി യു.എസിലേക്ക് പറന്നിറങ്ങി. അമേരിക്കയിലേക്കുള്ള വിസ അഞ്ച് തവണ നിരസിക്കപ്പെട്ട ശേഷം ആറാം തവണയാണ് അവസരം ലഭിച്ചത്. എന്നാൽ, അമേരിക്കയിലെ കൊമേഴ്സ്യൽ ഏവിയേഷന് വേണ്ടിയുള്ള മെഡിക്കൽ പരിശോധനയിൽ ചില കേൾവി പ്രശ്നങ്ങൾ കണ്ടെത്തിയതോടെ വിമാനയാത്രാ സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ, പരാജയങ്ങളിൽ തളരാതെ തിരികെ മടങ്ങുന്നതിന് പകരം അമേരിക്കയിൽ തുടർന്ന് പുതിയ അവസരങ്ങൾ അന്വേഷിച്ചു. ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ഫിൻടെകിൽ ബിരുദം നേടി. പഠിക്കുന്നതോടൊപ്പം അമേരിക്കയിലെ ബിസിനസ് സാഹചര്യങ്ങളെക്കുറിച്ച് മനസിലാക്കുക ലക്ഷ്യമിട്ട് പല പാർട്ട് ടൈം ജോലികളിലും ഏർപ്പെട്ടു. കഠിന പരിശ്രമങ്ങൾക്കൊടുവിൽ സബീറിനെ യു.എസ് ഉയർത്തിയത് സംരംഭകനായാണ്. അമേരിക്കയിൽ ഏറ്റവും കൂടുതൽ എണ്ണ ഉല്പാദിപ്പിക്കുന്ന ഈസ്റ്റ് ടെക്സസിൽ താമസിച്ചിരുന്ന അദ്ദേഹം പെട്രോളിയം ബിസിനസ് മേഖലയിൽ പല റീട്ടെയിൽ വ്യാപാരങ്ങളും നടത്തി. 2005ൽ അമേരിക്കയിലെ ടെക്സസിൽ സ്വന്തമായി പ്രെടോൾ പമ്പുകൾ ആരംഭിച്ചാണ് സംരംഭകന്റെ കുപ്പായമണിഞ്ഞത്. കഠിനാദ്ധ്വാനവും ആത്മവിശ്വാസവും ഇഴുകിച്ചേർന്നപ്പോൾ ടൈലർ പെട്രോളിയം എന്ന പേരിലുള്ള പെട്രോൾ പമ്പുകളുടെ ശൃംഖല അമേരിക്കയിൽ അതിവേഗം വളരുന്ന 5,000 സ്വകാര്യ കമ്പനികളുടെ പട്ടികയിൽ ഇടംപിടിച്ചു. 200ലധികം തൊഴിലാളികൾക്ക് ജോലി നൽകുന്നതിനൊപ്പം 60 മില്ല്യൺ ഡോളറിലധികം വാർഷിക വരുമാനമാണ് സ്ഥാപനത്തിനുളളത്. ഈസ്റ്റ് ടെക്സസിൽ 18ഓളം പെട്രോൾ പമ്പുകളാണ് ഇന്ന് സബീറിന്റെ ഉടമസ്ഥതയിലുള്ളത്.
മഞ്ചേരി
ഐ.ടി പാർക്ക്
അമേരിക്കയിൽ ജോലി ചെയ്യുമ്പോഴും സ്വന്തം നാട്ടിലെ വികസനത്തിനാണ് സബീർ പ്രഥമ പരിഗണന നൽകിയത്. മഞ്ചേരിയിൽ ഒരു ഐ.ടി പാർക്ക് സ്ഥാപിക്കുക എന്നതാണ് വിടാതെ പിന്തുടരുന്ന സ്വപ്നം. പിന്നീട് കൂടുതൽ പദ്ധതികൾ അവതരിപ്പിച്ച് ഇന്ത്യയിലെ മികച്ച ഐ.ടി ക്യാമ്പസാക്കി മഞ്ചേരിയുടെ മുഖച്ഛായ മാറ്റുകയാണ് ലക്ഷ്യം. എല്ലാ ഐ.ടി സൗകര്യങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാവുന്ന മഞ്ചേരിയിലേക്കുള്ള ഓട്ടത്തിലാണ് സബീർ. മാജിദയാണ് ഭാര്യ. നഫീസ, ഐഷ, റയ്യാൻ, ഹാദി മക്കളാണ്. മുഹമ്മദ് നെല്ലിപ്പറമ്പൻ-നഫീസ ദമ്പതികളുടെ മകനാണ്.
കേരളം ഇന്ത്യയുടെ
അമേരിക്ക
കേരളം ഇന്ത്യയുടെ അമേരിക്കയാണെന്നും നല്ല വിദ്യാഭ്യാസമുള്ള നിരവധി പേരാണ് ഇവിടെയുള്ളതെന്നും സബീർ പറയുന്നു. മാത്രമല്ല, ബാംഗ്ലൂരിലേക്കും മുംബൈയിലേക്കും കുടിയേറുന്നതിന് പകരം കേരളത്തിൽ തന്നെ സിലിക്കൺവാലി നിർമ്മിക്കണമെന്ന നിർദേശമാണ് അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നത്. അക്കാദമിക് അറിവും പ്രായോഗിക അനുഭവങ്ങളും സംയോജിപ്പിക്കേണ്ടത് അനിവാര്യമാണ്. വലുതായി സ്വപ്നം കാണുക, കഠിനാദ്ധ്വാനം ചെയ്യുക എന്നാണ് അദ്ദേഹം പറയുന്നത്.
സ്റ്റാർട്ടപ്പുകളെ സ്മാർട്ടാക്കാം
സ്ഥാപനത്തിലെ ഒരുഭാഗം മാറ്റിവെച്ചിരിക്കുന്നത് പുതിയ സ്റ്റാർട്ടപ്പുകൾക്കായാണ്. നിലവിൽ ഏഴ് സ്റ്റാർട്ടപ്പുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. കേരള സ്റ്റാർട്ടപ്പ് മിഷൻ വഴി അപേക്ഷിച്ചവരിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്താണ് തിരഞ്ഞെടുക്കുന്നത്. ലോകത്തിലെ പല പ്രശ്നങ്ങൾക്കും നൂതന പരിഹാരം കണ്ടെത്താൻ സഹായകമായ ആശയങ്ങളെ വിപുലീകരിക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ഓഹരിയുടെ ചെറിയൊരു ശതമാനം നൽകുന്നതിന് പകരം വലിയ ധനസഹായം നൽകും. എല്ലാ അടിസ്ഥാന സൗകര്യങ്ങളും കൃത്യമായ മാർഗ നിർദേശങ്ങളും നൽകും. നാട്ടിലെ മികച്ച ഉദ്യോഗാർത്ഥികളെ കണ്ടെത്തി അവരുടെ ആശയങ്ങളെ പൂർണതയിലെത്തിക്കുമ്പോൾ അദ്ദേഹത്തിന് ലഭിക്കുന്ന ആത്മസംതൃപി ചെറുതല്ല.